ജില്ലയില്‍ മൂന്ന് പേര്‍ കൂടി കോവിഡ് വിമുക്തരായി

post

കോവിഡ് ബാധിതരായി ഇനി ചികിത്സയിലുള്ളത് രണ്ട് പേര്‍

മലപ്പുറം : കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം മൂന്ന് പേര്‍ കൂടി മലപ്പുറം ജില്ലയില്‍ രോഗ വിമുക്തരായി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് ഇവരെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേയ്ക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ രോഗമുക്തരായി ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നവര്‍ നാലായി. രണ്ട് പേര്‍ മാത്രമാണ് കോവിഡ് ബാധിതരായി നിലവില്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ തുടരുന്നത്.

തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശിയായ 39 കാരന്‍, നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി 30 കാരന്‍, വേങ്ങര കണ്ണമംഗലം സ്വദേശി 45 വയസ്സുള്ള വീട്ടമ്മ എന്നിവരാണ് കോവിഡ് വിമുക്തരായതായി ഇന്നലെ (ഏപ്രില്‍ 24) ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. വേങ്ങര കൂരിയാട് സ്വദേശിയായ 63 കാരനും രോഗം ഭേദമായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുന്നുണ്ട്. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കു ശേഷം ആരോഗ്യ സ്ഥിതി പൂര്‍ണ്ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് ഇവര്‍ നാല് പേരും വീടുകളിലേയ്ക്കു മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

നിലവില്‍ രണ്ട് പേര്‍ മാത്രമാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗ ബാധിതരായി ഐസൊലേഷനില്‍ തുടരുന്നത്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ തുടരുകയാണ്. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്‍ നാലുമാസം പ്രായമുള്ള കുട്ടി മാത്രമാണ് കോവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചത്. ഇതുവരെ 17 പേര്‍ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗ വിമുക്തരായി. ഇതില്‍ ഒരാള്‍ രോഗ വിമുക്തനായ ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 12 പേര്‍ ഇതിനകം ആശുപത്രിയില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി.