പുത്തൻ സൗകര്യങ്ങളുമായി പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി

post

* ലക്ഷ്യ ലേബര്‍ റൂം, നവീകരിച്ച ഒപിഡി, അത്യാഹിത വിഭാഗം, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍, പാലിയേറ്റീവ് വാര്‍ഡ്



തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ കൂടുതൽ ആരോഗ്യ സംരക്ഷണ സജ്ജീകരണങ്ങൾ തയാർ. 


ലക്ഷ്യ മാനദണ്ഡ പ്രകാരം സജ്ജമാക്കിയ ലേബര്‍ റൂം കോംപ്ലക്‌സ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, പാലിയേറ്റീവ് കെയര്‍ വാര്‍ഡ്, നവീകരിച്ച ഒ.പി. വിഭാഗം, അത്യാഹിത വിഭാഗം എന്നിവയാണ് സജ്ജമാക്കിയത്. 


8.30 കോടി രൂപ ചെലവഴിച്ചുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യത്തോടെയാണ് വാര്‍ഡുകളും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകളും സജ്ജമാക്കിയിരിക്കുന്നത്. ആര്‍ദ്രം പദ്ധതി വഴി ഒപിഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 80 ലക്ഷം രൂപ ചെലവാക്കിയാണ് ഒപി വിഭാഗവും 15 കിടക്കകളുള്ള ഒബ്സര്‍വേഷന്‍ റൂമോട് കൂടിയ ആധുനിക അത്യാഹിത വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്. ദ്വിതീയതല പാലിയേറ്റീവ് കെയര്‍ സെന്റര്‍ കൂടിയായ ആശുപത്രില്‍ പാലിയേറ്റീവ് രോഗികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പാലിയേറ്റീവ് വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. കിടത്തി ചികിത്സ ആവശ്യമായ പാലിയേറ്റീവ് കെയര്‍ രോഗികളുടെ പരിചരണമാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഡേ കെയര്‍ കീമോ തെറാപ്പിയും ഇവിടെ സജ്ജമാക്കും.


ലക്ഷ്യ മാനദണ്ഡ പ്രകാരം 1.96 കോടി രൂപ ചെലവാക്കിയാണ് അത്യാധുനിക ലക്ഷ്യ ലേബര്‍ റൂം കോംപ്ലക്‌സ് സജ്ജമാക്കിയിരിക്കുന്നത്. പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പേരൂര്‍ക്കട ആശുപത്രിയിലും ലക്ഷ്യ മാനദണ്ഡ പ്രകാരമുള്ള സൗകര്യങ്ങളൊരുക്കിയത്.



പ്രത്യേക പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍ക്കുള്ള ലേബര്‍ റൂം സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. നാല് കിടക്കകളുള്ള രണ്ട് എല്‍.ഡി.ആര്‍ യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്റര്‍ വിത്ത് ഇമ്മിഡിയേറ്റ് റിക്കവറി, എന്‍.ബി.എസ്.യു., ട്രയാജ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.