വയനാടിൻ്റെ സ്വന്തം വയോമൈല്ലിന് ഡൽഹിയിൽ വൻഡിമാന്റ്
ഇന്ത്യയിലെ അദ്യത്തെ കർഷകോത്പാദന ജൈവ തേയില കമ്പനിയായ വയനാടിൻ്റെ വയോമൈലിന് ന്യൂഡൽഹിയിൽ പ്രിയമേറുന്നു. ഭാരത് മണ്ഡപത്തിൽ നടന്നുവരുന്ന അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള പവലിയനിൽ പ്ലാൻ്റേഷൻ ഡയറക്ടറേറ്റിൻ്റെ സ്റ്റാളിലാണ് വയോമൈൽ ഉത്പന്നങ്ങൾ വാങ്ങാൻ തിരക്ക് വർധിച്ചത്.
വ്യത്യസ്ത രുചികൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്കായി പ്രീമിയം ഗ്രീൻ ടീ, പ്രീമിയം ഓർത്തഡോക്സ് ബ്ലാക്ക് ടീ, പ്രീമിയം ടീ ഗ്രാന്യൂൾസ്, പ്രീമിയം റോസ് ടീ, പ്രീമിയം സാഫ്രൺ ടീ, പ്രീമിയം മസാല ടീ എന്നിങ്ങനെ ആറ് ഉൽപ്പന്നങ്ങളാണ് ബ്രാൻഡ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഗ്രീൻ ടീയും ഓർത്തഡോക്സ് ബ്ലാക്ക് ടീയും മുഴുവൻ തേയിലയിലകളുടെ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത് ഉൽപ്പന്നനിരയിലെ ശ്രദ്ധേയമായ സവിശേഷതയാണ്.
വിലയുടെ കാര്യത്തിലും വ്യത്യസ്ത അളവുകളിലുള്ള ഉൽപ്പന്നങ്ങളാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. 75 ഗ്രാം പ്രീമിയം ഗ്രീൻ ടീയ്ക്ക് 150 രൂപയും 75 ഗ്രാം പ്രീമിയം ഓർത്തഡോക്സ് ബ്ലാക്ക് ടീയ്ക്ക് 120 രൂപയുമാണ് വില. 250 ഗ്രാം പ്രീമിയം ടീ ഗ്രാന്യൂൾസിന് 170 രൂപയാണ് വില. 200 ഗ്രാം വീതമുള്ള പ്രീമിയം റോസ് ടീക്കും പ്രീമിയം സാഫ്രൺ ടീക്കും 375 രൂപയും പ്രീമിയം മസാല ടീക്ക് 300 രൂപയുമാണ് വില.

വയനാടിന്റെ പ്രകൃതിഭംഗിയും തേയില കൃഷിയുടെ പാരമ്പര്യവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ‘വയോമൈൽ’ എന്ന പുതിയ തേയില ബ്രാൻഡ്. ചെറുകിട തേയില കർഷകരുടെ കൂട്ടായ പരിശ്രമത്തിനും സുസ്ഥിര കൃഷിരീതികൾക്കും പ്രാധാന്യം നൽകുന്നതിനാണ് വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വയോമൈൽ എന്ന ബ്രാൻഡ് തയ്യാറാക്കിയത്.
ചെറുകിട തേയില കർഷകർ ഉൽപ്പാദിപ്പിക്കുന്ന തേയിലയെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം ഉൽപ്പന്നങ്ങളാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. സുസ്ഥിര കൃഷി, ന്യായമായ വ്യാപാരരീതികൾ, ഗുണമേന്മയുള്ള തേയിലയിലകളുടെ തിരഞ്ഞെടുപ്പ്, ശുചിത്വപരമായ സംസ്കരണവും പാക്കേജിങ്ങും എന്നിവയ്ക്ക് കമ്പനി പ്രാധാന്യം നൽകുന്നു. കർഷകർക്ക് മെച്ചപ്പെട്ട അവസരം ഒരുക്കുക, ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുക, തേയില കൃഷിയുടെ പാരമ്പര്യവും അറിവും അടുത്ത തലമുറയിലേക്ക് കൈമാറുക എന്നിവയും ബ്രാൻഡിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.









