അടുക്കളയിൽനിന്ന് അന്താരാഷ്ട്രവേദിയിലേക്ക് വ്യാപാരമേളയിൽ ശ്രദ്ധേയമായി കേരളത്തിന്റെ ഭക്ഷണശാലകൾ
മലയാളത്തിൻ്റെ കൊതിയൂറും തനതു രുചിപ്പെരുമ ആസ്വദിക്കാൻ ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളത്തിൻ്റെ ഭക്ഷണശാലകളിലേക്കു വരാം. മേള രണ്ടു ദിനങ്ങൾ പിന്നിടുമ്പോൾ തന്നെ കേരളീയ വിഭവങ്ങൾ തേടി മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ ഇവിടേക്ക് എത്തുന്നു. കുടുംബശ്രീയും സാഫും ഒരുക്കിയിരിക്കുന്ന ഫുഡ്കോർട്ടുകൾ സ്ത്രീശാക്തീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും വേറിട്ട മാതൃക കൂടിയാണ്. 'എക്സ്പീരിയൻസ് ദി ടേസ്റ്റ് ഓഫ് കേരള' എന്ന മുദ്രാവാക്യമുയർത്തിയാണ് കേരളവിഭവങ്ങൾ മേളയിൽ സജീവമാകുന്നത്.
കാറ്ററിങ് ഏജൻസികൾക്ക് ഔട്ട്സോഴ്സ് ചെയ്യാതെ, പൂർണമായും ഗുണഭോക്താക്കളായ വനിതകൾതന്നെ നേരിട്ട് ഫുഡ്കോർട്ട് നടത്തുന്നു എന്നതാണ് കേരളപവിലിയനിലെ ഭക്ഷണശാലകളുടെ പ്രധാന സവിശേഷതയെന്ന് ഫിഷറീസ്വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മുജീബ് പറഞ്ഞു. കേരളത്തിന്റെ രുചിവിഭവങ്ങങൾ അന്തർദേശീയതലത്തിൽ പരിചയപ്പെടുത്താൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്നാണ് എറണാകുളം ചെറായി ബീച്ചിൽനിന്നെത്തിയ സാഫ് ഫുഡ്കോർട്ടിലെ സബിത പറയുന്നത്.

'കടലോളം രുചിയും കനലോളം പരിശുദ്ധിയും' എന്ന മുദ്രാവാക്യവുമായാണ് സാഫിന്റെ (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ) ഭക്ഷണശാല സന്ദർശകരെ സ്വാഗതംചെയ്യുന്നത്. തൃശൂർ ജില്ലയിലെ അഴിക്കോട്, വലപ്പാട്, എറണാകുളം ജില്ലയിലെ ചെറായി, വാരാപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ള വനിതകളാണ് സാഫിനുവേണ്ടി തനത് കേരള വിഭവങ്ങൾ തയാറാക്കുന്നത്. ഫിഷ്കറിയോടുകൂടിയ നോർമൽ മീൽസ്, 14 വിഭവങ്ങൾ അടങ്ങിയ സ്പെഷ്യൽ പ്ലാറ്റർ, 20 ഇനം മത്സ്യവിഭവങ്ങൾ അടങ്ങിയ സീഫുഡ്കോംബോ എന്നിവ സാഫിന്റെ പ്രധാന ആകർഷണങ്ങളാണ്. ഇതിനുപുറമെ നാടൻ വിഭവങ്ങളായ ഫിഷ് കട്ട്ലറ്റ്, ഫിഷ് റോൾസ് എന്നിവയും ലഭ്യമാണ്. ഞണ്ട്, ചെമ്മീൻ, ആവോലി, നെയ്മീൻ, തിലാപ്പിയ, കരിമീൻ എന്നീ മത്സ്യയിനങ്ങളാണ് സന്ദർശകർക്കിടയിൽ അതിവേഗം ജനപ്രിയമാകുന്നതെന്ന് സാഫ് നോഡൽഓഫീസർ ഡോ. ശിവപ്രസാദ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ എടപ്പാളിൽനിന്നുള്ള 'തൃപ്തി' കുടുംബശ്രീയൂണിറ്റാണ് കുടുംബശ്രീ ഫുഡ്കോർട്ടിൽ കേരളരുചികൾ ഒരുക്കുന്നത്. മലബാർവിഭവങ്ങൾക്കും കേരളത്തിന്റെ തനത് കുത്തരിച്ചോറിനും നാടൻ കറികൾക്കുമാണ് ഉത്തരേന്ത്യക്കാരടക്കമുള്ള സന്ദർശകർക്കിടയിൽ ആവശ്യക്കാരേറെയുള്ളത്. ഓരോ ദിവസവും പുതിയ കേരളവിഭവങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനാണ് കുടുംബശ്രീയുടെ ശ്രമം. കഴിഞ്ഞ വർഷങ്ങളിലെ രുചിയോർമ്മകൾ തേടി ആദ്യദിവസംതന്നെ സന്ദർശകർ കേരള ഫുഡ്സ്റ്റാൾ അന്വേഷിച്ചെത്തിയതായി കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് അശ്വതി എസ്.എസ്. സാക്ഷ്യപ്പെടുത്തുന്നു. പ്രോഗ്രാം മാനേജർ ഷൈജു, സംസ്ഥാന മിഷൻ ഓഫീസർ പ്രിജി എന്നിവരാണ് കുടുംബശ്രീ ഫുഡ്സ്റ്റാളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.









