ട്രഷറി നിക്ഷേപങ്ങളുടെ അവകാശ കൈമാറ്റ പരിധി ഉയർത്തി; തഹസിൽദാരുടെ സർട്ടിഫിക്കറ്റിലൂടെ ഇനി 5 ലക്ഷം വരെ ലഭിക്കും
സംസ്ഥാനത്തെ ട്രഷറി സേവിംഗ്സ് ബാങ്കിലെ മരണപ്പെട്ട നിക്ഷേപരുടെ അക്കൗണ്ടിലെ പണം അവകാശികൾക്ക് കൈമാറുന്നതിനുള്ള പരിധി സർക്കാർ ഉയർത്തി. ഇതുപ്രകാരം തഹസിൽദാരുടെ പക്കൽ നിന്ന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കി ട്രഷറി ഓഫീസർ വഴി പിൻവലിക്കാവുന്ന തുകയുടെ പരിധി മൂന്ന് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായാണ് വർദ്ധിപ്പിച്ചത്.
കൂടാതെ, ട്രഷറി ഡയറക്ടറുടെ അനുമതിയോടെ കൈമാറാവുന്ന തുകയുടെ പരിധി അഞ്ച് ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷം രൂപയായും ഉയർത്തി. പത്ത് ലക്ഷം രൂപയിൽ കൂടുതൽ തുകയുള്ള അക്കൗണ്ടുകൾക്ക് സിവിൽ കോടതിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നിർബന്ധമായി തുടരുമെന്നും ധനകാര്യ വകുപ്പ് അറിയിച്ചു.









