വിജയവാഡ ദേശീയ സരസ് മേളയിൽ കുടുംബശ്രീക്ക് അംഗീകാരം

post

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആന്ധ്ര പ്രദേശിലെ വിജയവാഡ (ബാബുരി ഗ്രൗണ്ട്) സംഘടിപ്പിച്ച ആജീവിക ദേശീയ സരസ് മേളയിൽ കേരളത്തിന്റെ കുടുംബശ്രീ സംരംഭകയ്ക്ക് ഉജ്ജ്വല നേട്ടം. തിരുവനന്തപുരം വെള്ളനാട് ശ്രീലക്ഷ്മി അയൽക്കൂട്ടാംഗമായ ബിന്ദുലേഖയാണ് ബെസ്റ്റ് നാച്ചുറൽ ഫുഡ് സ്റ്റാൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത്.


തന്റെ 'കൃഷ്ണ പിക്കിൾസ് ആൻഡ് ഫുഡ് പ്രൊഡക്ട്സ്' എന്ന സംരംഭത്തിലൂടെ തയാറാക്കിയ ജിഞ്ചർ പൗഡർ, ചായ മസാല, ചട്നി പൗഡർ, സാമ്പാർ മസാല, വിവിധതരം അച്ചാറുകൾ എന്നിവയാണ് ബിന്ദുലേഖ മേളയിൽ വിപണനത്തിനെത്തിച്ചത്. എൻ.ടി.ആർ ജില്ലാ കളക്ടർ ഡോ. ജി. ലക്ഷ്മിഷാ ഐ.എ.എസ് പുരസ്കാരം സമ്മാനിച്ചു.


ഡൽഹിക്ക് പുറത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നേരിട്ട് സംഘടിപ്പിക്കുന്ന ആദ്യ ആജീവിക ദേശീയ സരസ് മേളയാണിത്. മേളയിൽ കുടുംബശ്രീയുടെ 13 ഉൽപ്പന്ന വിപണന സ്റ്റാളുകളും ഫുഡ്‌കോർട്ടിൽ നാല് സ്റ്റാളുകളുമാണ് ഒരുക്കിയിരുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകരും മേളയിൽ പങ്കെടുത്തു.