കേരളപ്പിറവിയുടെ എഴുപതാം വാർഷികം : കേരളത്തെ ഒന്നാമതാക്കാനുള്ള സ്വപ്നയാത്രയുടെ തുടക്കമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ
'ഫെസ്റ്റിവൽ ഓഫ് കേരളം 2026 ' ലോഗോ പ്രകാശനം ചെയ്തു
കേരളപ്പിറവിയുടെ എഴുപതാം വാർഷികം കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള സ്വപ്നയാത്രയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന 'ഫെസ്റ്റിവൽ ഓഫ് കേരളം 2026' ന്റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ കഠിനാധ്വാനം ചെയ്ത എണ്ണമറ്റ നല്ല മനുഷ്യരെ അനുസ്മരിച്ച മുഖ്യമന്ത്രി, ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് നമ്മൾ വളരേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു. ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് മുന്നോട്ട് പോകുന്നതെന്നും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെ മാത്രമേ അത് യാഥാർഥ്യമാക്കാനാകൂ എന്നും കൂട്ടിച്ചേർത്തു.
സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന വാർഷിക ആഘോഷങ്ങളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ 'ഫെസ്റ്റിവൽ കേരള' സംഘടിപ്പിക്കും. കേരളത്തിന്റെ തനതായ കലാരൂപങ്ങളും സാംസ്കാരിക പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും നവംബർ ഒന്നിന് ആരംഭിക്കുന്ന ഫെസ്റ്റിവൽ കേരളയിലൂടെ അവസരമൊരുങ്ങും.

രാജ്യത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ നിലവാരം, മികച്ച ആരോഗ്യരംഗം, വ്യവസായ-സംരംഭകത്വ പുരോഗതി, തൊഴിലവസര സൃഷ്ടി, ഭദ്രമായ ധനസ്ഥിതി, ശക്തമായ ക്ഷേമ-വികസന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കേരളത്തെ ലോകത്തിന്റെ മുൻനിരയിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തനതായ കല, സാഹിത്യം, എഴുത്ത്, വായന എന്നിവ സംരക്ഷിച്ചു നിർത്തുമ്പോൾ തന്നെ, കേരളം ഇതുവരെ മുൻപന്തിയിൽ നിന്ന മേഖലകളിൽ ആ ആധിപത്യം തുടരുകയും പിന്നിലായ മേഖലകളിൽ മുന്നിലേക്ക് കൈപിടിച്ചു കൊണ്ടുപോകുകയും ചെയ്യും. കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ഈ കൂട്ടായ യത്നത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും മന്ത്രി പി സി വിഷ്ണുനാഥും പുതിയ തലമുറയിലെ പ്രതിനിധികളായ ആവീർഭാവും ഈവഅനിലും എഴുപതു വയസ്സുകാരായ സുമതിയും സുന്ദരൻ നാടാരും ചേർന്ന് 'ഫെസ്റ്റിവൽ ഓഫ് കേരളം 2026' ന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഡെപ്യൂട്ടി സ്പീക്കറും മന്ത്രി പി സി വിഷ്ണുനാഥും ആശംസകൾ അർപ്പിച്ചു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് സ്വാഗതവും കായിക യുവജനകാര്യ സെക്രട്ടറി എൻ പ്രശാന്ത് നന്ദിയും പറഞ്ഞു. മന്ത്രിമാരായ എൻ ഷംസുദ്ദീൻ, പി കെ ബഷീർ, സണ്ണി ജോസഫ്, സി പി ജോൺ, കെ എ തുളസി, ബിന്ദു കൃഷ്ണ, റോജി എം ജോൺ, വി ഇ അബ്ദുൾ ഖഫൂർ, മോൻസ് ജോസഫ്, എംഎൽഎ മാരായ കെ കെ രമ, പ്രവീൺ, ഗോപകുമാർ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.











