രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയാകാൻ വയനാട്; നൂൽപ്പുഴ സമ്പൂർണ ഇ-മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

post

രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാടിനെ മാറ്റാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ വിജയത്തിൽ. പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ നൂൽപ്പുഴയെ സമ്പൂർണ ഇ-മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്തിൽ നിന്ന് രണ്ടു ഘട്ടങ്ങളിലായി ആകെ 5,423 കിലോഗ്രാം ഇ-മാലിന്യമാണ് ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറിയത്.


ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉപയോഗശൂന്യമായ മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, ചാർജറുകൾ തുടങ്ങിയവ അലക്ഷ്യമായി തള്ളുന്നത് വലിയ പരിസ്ഥിതി-ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിന് പരിഹാരമായി ഇ-മാലിന്യത്തിന്റെ ശാസ്ത്രീയ ശേഖരണവും കൈമാറ്റവും ഉറപ്പാക്കാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കാമ്പയിൻ സംഘടിപ്പിക്കുകയായിരുന്നു.


ഒന്നാംഘട്ടത്തിൽ 3,395 കിലോഗ്രാമും രണ്ടാംഘട്ടത്തിൽ 2,028 കിലോഗ്രാമും ഉൾപ്പെടെ ആകെ 5,423 കിലോഗ്രാം ഇ-മാലിന്യം പഞ്ചായത്തിൽ നിന്ന് ശേഖരിച്ചു. 2026 ഒക്ടോബർ 15, 16 തീയതികളിൽ ഒന്നാംഘട്ട ശേഖരണവും, ഒക്ടോബർ 25-ന് രണ്ടാംഘട്ട ശേഖരണവും പൂർത്തിയാക്കി. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നതിന് ഹരിതകർമ്മസേന അംഗങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങി. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തവും പദ്ധതിയുടെ വിജയത്തിന് കരുത്തായി.


ഇ-മാലിന്യത്തിന്റെ അശാസ്ത്രീയമായ തള്ളൽ പൂർണ്ണമായി തടയുകയും ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഇ-മാലിന്യശേഖരണം തുടർച്ചയായ പ്രക്രിയയാക്കി മാറ്റും. പൊതുജന ബോധവൽക്കരണം, ജനപങ്കാളിത്തം ഉറപ്പാക്കൽ, ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവ തുടർന്നും ഏകോപിപ്പിക്കും.


നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വഴികാട്ടിയാകും. 'സമ്പൂർണ്ണ ഇ-മാലിന്യമുക്ത വയനാട്' പദ്ധതിയുടെ ഭാഗമായുള്ള ശേഖരണ പ്രവർത്തനങ്ങൾ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും നഗരസഭകളിലും അതിവേഗം പുരോഗമിച്ചുവരികയാണ്.