നൂതന ആശയങ്ങളെ കണ്ടെത്താൻ ഐഡിയ ബോക്സുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ

post

കേരള സർക്കാരിന്റെ 100-ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ആവിഷ്കരിച്ച പുതിയ സംരംഭകത്വ അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് 'ഐഡിയ ബോക്സ്' (Idea Box). സംസ്ഥാനത്തെ നൂതന ആശയങ്ങളെ കണ്ടത്തുകയും അവയെ വിജയകരമായ സ്റ്റാർട്ടപ്പുകളാക്കി മാറ്റാനുള്ള സമഗ്ര പിന്തുണ നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.


സാധാരണക്കാർ, വിദ്യാർത്ഥികൾ, ഗവേഷകർ തുടങ്ങിയവരുടെ മനസ്സിലുള്ള ആശയങ്ങൾക്ക് പ്രാരംഭ ഘട്ടത്തിൽ തന്നെ വഴികാട്ടിയാവുക.

അപേക്ഷാ ഫീസില്ലാതെ ആർക്കും ലളിതമായി ഐഡിയ ബോക്സിലൂടെ അപേക്ഷിക്കാം. https://ideabox.startupmission.in വഴി ഒറ്റ ഫോമിലൂടെ 10 മിനിറ്റിനുള്ളിൽ ആശയം സമർപ്പിക്കാം.


വിദഗ്ധരിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശം , വിപണി സാധ്യതകൾ കണ്ടെത്താനുള്ള പിന്തുണ, ഉൽപന്ന പ്രോട്ടോടൈപ്പ് നിർമ്മാണത്തിനുള്ള സൗകര്യങ്ങൾ (Fab Lab) എന്നിവ പദ്ധതിയിലൂടെ ലഭിക്കുന്നു.


സാമ്പത്തിക സഹായവും നിക്ഷേപ സാധ്യതകളും: പ്രോട്ടോടൈപ്പ് ഫണ്ടിംഗ്, ഗ്രാന്റുകൾ, നിക്ഷേപകർ , വിസി എന്നിവരുമായി ബന്ധപ്പെടാനുള്ള അവസരം ഐഡിയ ബോക്സിലൂടെ ഒരുക്കുന്നു. സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലകളിലെയും ആളുകളിലേക്ക് പദ്ധതി എത്തുന്നു.


ലളിതമായ ആശയത്തിൽ നിന്ന് വിപണിയിലെത്തുന്ന മികച്ച ഉൽപ്പന്നത്തിലേക്ക് എത്തിക്കാൻ 8 ഘട്ടങ്ങളുള്ള ഘടനാപരമായ റോഡ്‌മാപ്പ് ആണ് ഐഡിയ ബോക്സ് മുന്നോട്ട് വെയ്ക്കുന്നത്:


Phase 0: സ്ക്രീനിംഗ് & സെലക്ഷൻ - സമർപ്പിച്ച ആശയത്തിന്റെ പുതുമയും വിപണി സാധ്യതയും വിദഗ്ദ്ധർ വിലയിരുത്തുന്നു.

Phase I: പ്രോബ്ലം ക്യാൻവാസ് - പരിഹരിക്കാൻ ഉദ്ദേശിക്കുന്ന പ്രശ്നവും അതിന്റെ പരിഹാരമാർഗ്ഗവും വ്യക്തമായി നിർവ്വചിക്കുന്നു.

Phase II: മാർക്കറ്റ് അനാലിസിസ് - വിപണി വലുപ്പം, ട്രെൻഡുകൾ, ഉപഭോക്തൃ ആവശ്യങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു.

Phase III: കസ്റ്റമർ പ്രൊഫൈലിംഗ് - കൃത്യമായ ഉപഭോക്താക്കളെയും അവരുടെ പ്രശ്നങ്ങളെയും തിരിച്ചറിയുന്നു.

Phase IV: കോമ്പറ്റിറ്റർ അനാലിസിസ് - എതിരാളികളെയും തനതായ സവിശേഷതകളെയും പഠിച്ച് വേറിട്ട തന്ത്രം രൂപീകരിക്കുന്നു.

Phase V: ബിസിനസ് പ്ലാൻ - വരുമാന മാതൃകയും സാമ്പത്തിക പ്ലാനിംഗും തയ്യാറാക്കുന്നു.

Phase VI: പ്രോട്ടോടൈപ്പ് പ്ലാൻ- സാങ്കേതിക സഹായത്തോടെ മാതൃകാ ഉൽപ്പന്നം (MVP) നിർമ്മിക്കാൻ പ്ലാൻ ചെയ്യുന്നു.

Phase VII: കണക്ട് & ലോഞ്ച് - നിക്ഷേപകർ, ഇൻകുബേറ്ററുകൾ, വ്യവസായ പ്രമുഖർ എന്നിവരിലേക്ക് എത്തിച്ച് ലോഞ്ച് ചെയ്യുന്നു.


വിദ്യാർത്ഥികൾക്കും പുതുതായി പഠിച്ചിറങ്ങിയവർക്കും, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് ഗവേഷകർക്കും, ഇന്നൊവേറ്റർമാർക്കും, ഗ്രാമീണ മേഖലയിലെ കണ്ടുപിടുത്തക്കാർക്ക്, ഐ.ഇ.ഡി.സി നെറ്റ്‌വർക്കിലെ അംഗങ്ങൾക്ക് തുടങ്ങി മനസ്സിൽ നല്ലൊരു ആശയമുള്ള കേരളത്തിലെ ഏതൊരാൾക്കും ഐഡിയ ബോക്സിലൂടെ (ideabox.startupmission.in) അപേക്ഷിക്കാം. അപേക്ഷകർ ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ ആശയത്തിന്റെ സവിശേഷതകളും അത് പരിഹരിക്കുന്ന പ്രശ്നവും വ്യക്തമാക്കി ഫോം പൂരിപ്പിച്ച് സമർപ്പിക്കാം.