ലഹരിമുക്ത ക്യാമ്പസുകൾ: സംസ്ഥാനത്തെ 30 കോളേജുകൾ ഡ്രഗ് ഫ്രീ ക്യാമ്പസുകളായി പ്രഖ്യാപിച്ചു
യുവതലമുറയുടെ ആരോഗ്യവും ഭാവിയും സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്ത ഇടങ്ങളാക്കി മാറ്റുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരുന്ന നടപടിയായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 30 കോളേജുകളെ ആദ്യഘട്ടത്തിൽ ‘ഡ്രഗ് ഫ്രീ ക്യാമ്പസുകൾ’ ആയി പ്രഖ്യാപിച്ചു. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മയങ്ങില്ല കേരളം’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് പ്രഖ്യാപനം.
യുവതലമുറ ജീവിതത്തിലെ അവസരങ്ങളെയും ലക്ഷ്യങ്ങളെയും ലഹരിയാക്കണമെന്നും ലഹരിവസ്തുക്കളെ ജീവിതത്തിന്റെ ഭാഗമാക്കരുതെന്നുമുള്ള സന്ദേശമാണ് ക്യാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്. വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ ക്യാമ്പസുകളിൽ ലഹരിക്കെതിരായ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ബോധവൽക്കരണം, എൻഫോഴ്‌സ്‌മെന്റ്, ഡി-അഡിക്ഷൻ, പുനരധിവാസം എന്നീ നാല് പ്രധാന മേഖലകൾ കേന്ദ്രീകരിച്ചാണ് എക്‌സൈസ് വകുപ്പ് നടപ്പാക്കുന്നത്. ലഹരിയുടെ ഉപയോഗവും വിതരണവും തടയുന്നതിനൊപ്പം ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും എത്തിക്കുന്നതിനും പദ്ധതി പ്രാധാന്യം നൽകുന്നു.
കഴിഞ്ഞ 125 ദിവസത്തിനിടെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 60,000 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി അധികൃതരെ അറിയിക്കുന്നതിനായി ‘പീപ്പിൾസ് ഐ’ മൊബൈൽ ആപ്പും കൗൺസലിങ്ങിനും വോളന്റിയർ രജിസ്‌ട്രേഷനും ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ‘മയങ്ങില്ല കേരളം’ പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്. ലഹരിക്കെതിരായ സാമൂഹിക ഇടപെടലുകളിൽ പൊതുജനങ്ങളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ഇത്തരം സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ലഹരി വിമുക്ത ചികിത്സയും പുനരധിവാസ സേവനങ്ങളും കൂടുതൽ ജനകീയവും ലഭ്യവുമാക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലും വിമുക്തി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ സേവനങ്ങൾ കൂടുതൽ വിപുലീകരിച്ച് താലൂക്ക് തലങ്ങളിലേക്കും എത്തിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. ചികിത്സയിലൂടെ ലഹരിയിൽ നിന്ന് മുക്തരാകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. വ്യക്തിഗത ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ചുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുത്ത പ്രധാനപ്പെട്ട 30 കോളേജുകളെയാണ് ആദ്യഘട്ടത്തിൽ ‘ഡ്രഗ് ഫ്രീ ക്യാമ്പസുകൾ’ ആയി പ്രഖ്യാപിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, ഗവ. കോളേജ് നെടുമങ്ങാട്, കൊല്ലം എസ്.എൻ. കോളേജ്, സെന്റ് ഗ്രിഗോറിയസ് കോളേജ് കൊട്ടാരക്കര, ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, പത്തനംതിട്ട സെന്റ് തോമസ് കോളേജ്, കോട്ടയം സി.എം.എസ്. കോളേജ്, ഇടുക്കി ഗവ. കോളേജ് മൂന്നാർ, ശാന്തിഗിരി കോളേജ് തൊടുപുഴ, എറണാകുളം മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, ഗവ. കോളേജ് അട്ടപ്പാടി, തൃശൂർ സെന്റ് തോമസ് കോളേജ്, വയനാട് സെന്റ് മേരീസ് കോളേജ്, ഗവ. എൻജിനീയറിങ് കോളേജ് മാനന്തവാടി, കോഴിക്കോട് ദേവഗിരി കോളേജ്, ഫാറൂഖ് കോളേജ്, കണ്ണൂർ നിർമ്മലഗിരി കോളേജ്, കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ്, കാസർകോട് ഗവ. കോളേജ് എന്നിവ ഉൾപ്പെടെയുള്ള കോളേജുകളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായത്.
ക്യാമ്പസുകളെ യഥാർഥ അർഥത്തിൽ ലഹരിമുക്ത ഇടങ്ങളാക്കി മാറ്റുന്നതിൽ വിദ്യാർഥികളുടെ പങ്കാളിത്തമാണ് നിർണായകം. വിദ്യാർഥികളിൽ ലഹരിക്കെതിരായ അവബോധം വളർത്തുന്നതിനൊപ്പം സഹപാഠികളെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുന്നതിനും സംശയകരമായ സാഹചര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആവശ്യമായ സാമൂഹിക ഉത്തരവാദിത്വബോധം പദ്ധതിയിലൂടെ വിദ്യാർഥികളിൽ രൂപപ്പെടുത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ സുരക്ഷിതവും ആരോഗ്യകരവുമായ പഠനാന്തരീക്ഷങ്ങളാക്കി മാറ്റുന്നതിനൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമായി വളർത്തിയെടുക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾക്കും ഇതിലൂടെ ശക്തമായ അടിത്തറയൊരുങ്ങും.









