‘ഷീ സ്‌കൂട്ടർ’ പദ്ധതി; മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍
വീടിന്റെ ചുമതലകൾക്കൊപ്പം കുടുംബത്തിന്റെ വരുമാനത്തിനായും അധ്വാനിക്കുന്ന വനിതാ മത്സ്യത്തൊഴിലാളികളെ കൂടുതൽ സ്വയംപര്യാപ്തരാക്കുകയും അവരുടെ തൊഴിലും വരുമാനവും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലെ സാഫ് നടപ്പാക്കുന്ന ‘ഷീ സ്‌കൂട്ടർ’ പദ്ധതിയിൽ 100 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിതരണം മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു.

തൊഴിലിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം, സ്വന്തം തൊഴിൽ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനും ഈ പദ്ധതി വനിതകൾക്ക് സഹായകരമാകും. 75 ശതമാനം ഗ്രാന്റ്, പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കിയാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുന്നത്. ഏഥര്‍ റിസ്ത സ്‌കൂട്ടറുകളാണ് വിതരണം ചെയ്തത്.
ചടങ്ങിൽ ‘സമുദ്ര സഖി’ വനിതാ മത്സ്യത്തൊഴിലാളി സംരംഭക ബ്രാൻഡിന്റെ ലോഗോ പ്രകാശനം ചെയ്തു. 100 സംയുക്ത സംഘങ്ങൾക്ക് ഒരു കോടി രൂപയുടെ പലിശരഹിത വർക്കിംഗ് ക്യാപിറ്റൽ റിവോൾവിംഗ് ഫണ്ടും, മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾക്ക് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായവും കൈമാറി.

വനിതാ മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന് പിന്തുണ നൽകുകയും അവർക്ക് മുന്നേറാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് വകുപ്പ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.









