പൊതുവിടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും: സ്ത്രീസൗഹൃദ ‘WOMN’ പദ്ധതിയുമായി വനിതാ-ശിശു വികസന വകുപ്പ്

post

സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുവിടങ്ങൾ ഉറപ്പാക്കുന്നതിനും ആർത്തവ ശുചിത്വ പരിപാലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനുമായി വനിതാ-ശിശു വികസന വകുപ്പ് ‘WOMN’ (Women on the Move & Menstrual Needs ) പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയിലൂടെ പൊതുസ്ഥലങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കും. എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.


യാത്രയ്ക്കിടയിലും പൊതുസ്ഥലങ്ങളിലെത്തുമ്പോഴും സ്ത്രീകൾ നേരിടുന്ന ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതിനൊപ്പം ഉപയോഗിച്ച നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കും.


പൊതുസ്ഥലങ്ങളിലെ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ ലഭ്യത


ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന ഘടകമാണ്. അപ്രതീക്ഷിത സാഹചര്യങ്ങളിലുൾപ്പെടെ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്നത്. പൈലറ്റ് ഘട്ടത്തിൽ കെ.എസ്.ആർ.ടി.സി.യുടെ 14 പ്രധാന കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് സാനിറ്ററി നാപ്കിനുകൾ അടങ്ങിയ ഒരു പാക്കറ്റിന് 10 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്. തുടർന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ പൊതുസ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.


ഉപയോഗിച്ച സാനിറ്ററി നാപ്കിനുകളുടെ ശാസ്ത്രീയ സംസ്കരണം


സാനിറ്ററി നാപ്കിനുകളുടെ ലഭ്യതയ്‌ക്കൊപ്പം അവയുടെ സുരക്ഷിതമായ സംസ്കരണവും ഉറപ്പാക്കുക എന്നത് പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇതിനായി പൊതുസ്ഥലങ്ങളിൽ ഇൻസിനറേറ്ററുകൾ സ്ഥാപിക്കും. ഉപയോഗിച്ച നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിലൂടെ പൊതുസ്ഥലങ്ങളിലെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനും അനുബന്ധ മാലിന്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സാധിക്കും. വ്യക്തിഗത ശുചിത്വത്തോടൊപ്പം പൊതുശുചിത്വവും പരിസ്ഥിതി സംരക്ഷണവും പരിഗണിക്കുന്ന സമഗ്ര സമീപനമാണ് പദ്ധതിയിലൂടെ സ്വീകരിക്കുന്നത്.


സ്ത്രീസൗഹൃദ പൊതുവിടങ്ങൾ


ആർത്തവ ശുചിത്വം ഉറപ്പാക്കാൻ ആർത്തവ പരിപാലന ഉൽപ്പന്നങ്ങൾ എല്ലാ സ്ത്രീകൾക്കും എളുപ്പത്തിലും വേ​ഗത്തിലും ലഭ്യമാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പൊതുവിടങ്ങളിൽ. യാത്രയ്ക്കിടയിലും മറ്റും ഇത്തരം സൗകര്യങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന അസൗകര്യങ്ങളും മാനസിക സമ്മർദങ്ങളും കുറയ്ക്കാൻ പദ്ധതി സഹായിക്കും.


ആർത്തവം സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെന്ന അവബോധം ശക്തിപ്പെടുത്തുന്നതിനും അതുമായി ബന്ധപ്പെട്ട സാമൂഹികമായ വിലക്കുകളും മിഥ്യാധാരണകളും കുറയ്ക്കുന്നതിനും പൊതുസ്ഥലങ്ങളിലെ ഇത്തരം സൗകര്യങ്ങൾ സഹായിക്കും. സ്ത്രീകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള അടിസ്ഥാന സൗകര്യ വികസനം പൊതുവിടങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്നതാക്കാനും സഹായിക്കും.


പൊതുസ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാരത്തിനും വിദ്യാഭ്യാസം, തൊഴിൽ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. യാത്രാസൗകര്യങ്ങൾക്കൊപ്പം ആർത്തവ ശുചിത്വ പരിപാലനത്തിനുള്ള സംവിധാനങ്ങൾ കൂടി ലഭ്യമാകുന്നതിലൂടെ പൊതുവിടങ്ങളിലെ സ്ത്രീസൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും.


സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളെ പൊതുസേവന സംവിധാനത്തിന്റെ ഭാഗമാക്കി പരിഗണിക്കുന്നതിലൂടെ ജനക്ഷേമ കേന്ദ്രീകൃത ഭരണസമീപനത്തിന് കൂടുതൽ ഊന്നൽ നൽകാനും പദ്ധതിക്ക് സാധിക്കും. ‘WOMN’ പദ്ധതി സ്ത്രീസൗഹൃദ പൊതുവിടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രദ്ധേയമായ ഇടപെടലാണ്. കെ.എസ്.ആർ.ടി.സി. കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന പൈലറ്റ് പദ്ധതി ഭാവിയിൽ കൂടുതൽ പൊതുസ്ഥലങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുസാന്നിധ്യത്തിന് കൂടുതൽ പിന്തുണ നൽകാൻ കഴിയും. സ്ത്രീകളുടെ ആരോഗ്യവും അന്തസ്സും പൊതുവിടങ്ങളിലെ സമതുലിതമായ പങ്കാളിത്തവും ഉറപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സ്ത്രീസൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായി ‘WOMN’ പദ്ധതി മാറും.