ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്

post

എല്ലാ പഞ്ചായത്ത് വാർഡുകളിലും നാർക്കോ ഹണ്ട്


ഓപ്പറേഷൻ തൂഫാൻ നിർണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 28ന് മലപ്പുറത്തെ വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ജനജാഗ്രതാസമിതികൾ രൂപീകരിച്ച് ലഹരിക്കെതിരായ ബോധവൽക്കരണം ശക്തമാക്കുകയാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഓപ്പറേഷൻ തൂഫാന്റെ ആദ്യഘട്ടത്തിലെ നടപടികളിലൂടെ ലഹരിവിതരണത്തിൽ മുപ്പത് ശതമാനത്തോളം കുറവ് വരുത്താനായെന്ന് മന്ത്രി അറിയിച്ചു. ലഹരിയുടെ ആവശ്യകതയിൽ കുറവ് വരുത്തുകയും പുനരധിവാസം ശക്തിപ്പെടുത്തുകയുമാണ് രണ്ടാംഘട്ടത്തിന്റെ ഉദ്ദേശ്യം.


തൂഫാൻ നാർക്കോ ഹണ്ട് എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്‌ക്കൊപ്പം റെസിഡന്റ്‌സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഇതിന്റെ ഭാഗമാക്കും. പൊലീസിന്റെ ഇടപെടലിന് മുമ്പുതന്നെ സമൂഹത്തിന് അപകടസാധ്യത തിരിച്ചറിയാൻ കഴിയുന്ന Early Intervention സംവിധാനം ഇതിലൂടെ സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.


സെപ്റ്റംബർ 28ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാകകൾ ഉയർത്തും. ജനപ്രതിനിധികൾക്കൊപ്പം കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന, യുവജന-കായിക സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികൾ തൂഫാൻ വാറിയർമാരായി പ്രതിജ്ഞയെടുക്കും.



പുനരധിവാസത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് രണ്ടാംഘട്ടം പുരോഗമിക്കുക. പുനരധിവാസ കേന്ദ്രീകൃത പ്രവർത്തനങ്ങൾക്കായി രൂപീകരിക്കുന്ന Toofan Care സംവിധാനവുമായി കൈകോർക്കാൻ ഇതിനകം 35 ആശുപത്രികൾ സന്നദ്ധത അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ സമീപനം സൃഷ്ടിക്കാൻ IMAയുടെ നേതൃത്വത്തിൽ തൂഫാൻ Rehabilitation Protocol തയ്യാറാക്കുന്നു. ഓരോ കേസിലും എങ്ങനെ ഇടപെടണം, എങ്ങനെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും എത്തിക്കണം എന്നതിന് വ്യക്തമായ മാർഗരേഖയാകും ഇത്. ലഹരിയിൽ നിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തം സാഹചര്യം തുറന്ന് പറയാനും സഹായം തേടാനുമായി app-based responsive mechanism ഒരുക്കുന്നു. ഓരോ പൊലീസ് സ്റ്റേഷനിലും പുനരധിവാസത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവും പ്രത്യേക പരിശീലനവും നേടിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ തൂഫാൻ മെൻറർമാരായി നിയോഗിക്കും.


ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിക്കുന്നു; ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു


സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാർ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആൻറി നർക്കോട്ടിക്ക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സർക്കാർ ഉത്തരവായി. അന്തർ സംസ്ഥാന - അന്തർദേശീയ ബന്ധമുള്ള, ഉയർന്ന മൂല്യമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണച്ചുമതല ഈ ടീമിനായിരിക്കും. ലഹരിക്കടത്തിന്റെ മുഖ്യസൂത്രധാരകരിലേക്കും കണ്ണികളിലേക്കും ലഹരിയുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.


തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് യൂണിറ്റുകളായാണ് ടീം പ്രവർത്തിക്കുക. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറും നോർത്ത് സോൺ ഐ.ജിയുമായ പുട്ട വിമലാദിത്യയാണ് ടീമിനെ നയിക്കുന്നത്. ഓരോ യൂണിറ്റിലും ഒരു ഡിവൈഎസ്.പി, രണ്ട് സിഐമാർ, രണ്ട് സബ് ഇൻസ്‌പെക്ടർമാർ, 10 സിപിഒ/എസ്സിപിഒ/എഎസ്‌ഐ എന്നിവർ അടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും.


വൻ ലഹരിവേട്ടയിൽ മാഫിയാസംഘം പിടിയിൽ


സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയിൽ സംസ്ഥാനാന്തര ലഹരിമരുന്ന് മാഫിയയുടെ മുഖ്യ കണ്ണികളായ നാല് പേർ അറസ്റ്റിലായി. പത്ത് കോടിയോളം വില വരുന്ന 13 കിലോ എംഡിഎംഎ പിടിച്ചെടുത്തു. മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കേസിൽ മലപ്പുറം നടുവട്ടം സ്വദേശി ഹാരിസ്(37), കിംഗ് മേക്കർ എന്നറിയപ്പെടുന്ന വയനാട് വടുവഞ്ചാൽ സ്വദശി അഖിൽ ജോയി(32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ(26)എന്നിവരെ ബീഹാറിലെ ഭഗൽപ്പൂരിൽനിന്നും, തമിഴ്‌നാട് ഉദകമണ്ഡലം സ്വദേശി കാർത്തിക്കിനെ (32) ചെന്നൈയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.


ഉത്തരേന്ത്യയിൽ വേരുകളുള്ള ലഹരി മാഫിയയെ പിടികൂടുന്നതിന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നേതൃത്വത്തിൽ മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, നർക്കോട്ടിക് ഡിവൈഎസ്പി എൻ ഒ സിബി എന്നിവരെയും ഡാൻസാഫ് അംഗങ്ങളെയും ഉൾപ്പെടുത്തി മൂന്ന് സംഘങ്ങളായി തിരിച്ച് ഡൽഹി, നോയിഡ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരാഴ്ചയോളം അന്വേഷണം നടത്തിയതിൽ നിന്നാണ് പ്രതികളുടെ രഹസ്യതാവളങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന കണ്ണികളെക്കുറിച്ചുള്ള സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.