‘ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം’; ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു

post

കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2027 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ‘ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം’ (INFK 2027)-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിച്ചു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചുനടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് എന്നിവർ പങ്കെടുത്തു.


ഹരിതസമൃദ്ധമായ കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും അമൂല്യമായ ജൈവവൈവിധ്യവും ആഗോളതലത്തിൽ അടയാളപ്പെടുത്തുന്നതിനാണ് ഈ മേള സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ അപൂർവ്വ വന-പാരിസ്ഥിതിക സവിശേഷതകളും ജൈവ സമ്പത്തും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും പരിസ്ഥിതി സംരക്ഷണ മേഖലയിൽ പുതിയൊരു ചുവടുവെപ്പ് നടത്താനും മേള ലക്ഷ്യമിടുന്നു.


ചടങ്ങിൽ വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ IFS, വനം വകുപ്പ് സെക്രട്ടറി കെ. ബിജു IAS, എ.പി.സി.സി.എഫ് (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ IFS, എ.പി.സി.സി.എഫ് (അഡ്മിനിസ്ട്രേഷൻ) ഡോ. ജെ. ജസ്റ്റിൻ മോഹൻ IFS, വനം വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ IAS, കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ രാജു കെ. ഫ്രാൻസിസ് IFS, പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, എഫ്.ഐ.ബി ഡയറക്ടർ ബൈജു കൃഷ്ണൻ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സുഹൈബ് പി. ജെ., പി.ആർ.ഒ സിനി കെ. തോമസ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരായ പ്രഭു പി. എം., വിനോദ് ആർ. എന്നിവർ പങ്കെടുത്തു.