ശബരിമല തീർത്ഥാടനം മുന്നൊരുക്കങ്ങൾ: പൊതുമരാമത്ത് വകുപ്പിന് 551.50 കോടി അനുവദിച്ചു
വരാനിരിക്കുന്ന ശബരിമല തീർത്ഥാടനം കൂടുതൽ സുഗമവും ഭക്തജനങ്ങൾക്ക് പൂർണ്ണമായും സുരക്ഷിതവുമാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളുമായി സംസ്ഥാന സർക്കാർ. തീർത്ഥാടന പാതകളുടെയും റോഡുകളുടെയും പുനരുദ്ധാരണത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 173.70 കോടി രൂപ അധികമാണ് ഇത്തവണ സർക്കാർ പദ്ധതികൾക്കായി മാറ്റിവെച്ചിരിക്കുന്നത്.
തീർത്ഥാടകർ കടന്നുപോകുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുകളില്ലാത്ത യാത്രാസൗകര്യവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.











