‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസ്: ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
2026-27 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള കർമ്മരേഖ തയാറാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്താണ് വിപുലമായ ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ നടക്കുന്നത്. സംസ്ഥാന ചരിത്രത്തിലാദ്യമായി 40-ലധികം സർക്കാർ വകുപ്പുകളിലെ 73 പ്രമുഖ പദ്ധതികളുടെ ഏകോപനവും, വിവിധ പദ്ധതികളുടെ വിശദമായ പദ്ധതിരേഖ (DPR) തയാറാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുയുഗ കേരളത്തിനായുള്ള ചരിത്രപരമായ ചുവടുവയ്പാണ് ഈ കോൺഫറൻസ്.
സംസ്ഥാന മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ സാങ്കേതിക-വികസന വിദഗ്ധർ എന്നിവരെ ഒരുമിച്ചുചേർത്ത് പദ്ധതികൾക്ക് അന്തിമരൂപം നൽകുകയും അവ സമയബന്ധിതമായി നടപ്പാക്കാൻ സജ്ജമാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനാണ് (KSIDC) വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ റൗണ്ട് ടേബിൾ കോൺഫറൻസ് ഏകോപിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പ്രകാശന ചടങ്ങിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ. ഉമേഷ് എന്നിവർ പങ്കെടുത്തു.











