വൈദ്യുതി ഉത്പാദന പ്രസരണ വിതരണ രംഗം ജനസൗഹൃദമാക്കും: മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി ഉത്പാദന പ്രസരണ വിതരണ മേഖലയിലെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിച്ച് മേഖലയെ കൂടുതല്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇടുക്കിയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂലമറ്റം പവര്‍ സ്റ്റേഷനും ഇടുക്കി ഡാമും സന്ദര്‍ശിച്ച ശേഷമായിരുന്നു അവലോകന യോഗം.
കേരളത്തിന്റെ പവര്‍ ഹൗസായ ഇടുക്കി ഡാമിന്റെയും പവര്‍ ഹൗസിന്റെയും പ്രവര്‍ത്തനം അഭിമാനകരമാണ്. ഇടുക്കിയുടെ പ്രത്യേക ഭൂപ്രകൃതി, ഗതാഗത പ്രശ്നം തുടങ്ങിയവയെല്ലാം കണക്കിലെടുത്തി ഇടുക്കിക്ക് പ്രത്യേക പരിഗണന നല്‍കും. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണും. ജില്ലയില്‍ വൈദ്യുതി പ്രസരണ വിതരണ രംഗത്ത് പുരോഗമിക്കുന്ന പദ്ധതികള്‍ യോഗത്തില്‍ വിലയിരുത്തി.

1976 ല്‍ ഇടുക്കി വികസന അതോറിറ്റിക്കായി ഏറ്റെടുത്ത ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്തുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് വനം, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇടുക്കിയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. പുതിയ സെക്ഷന്‍ ഓഫീസുകളും സബ് സ്റ്റേഷനുകളും ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കും.
പരിസ്ഥിതി ലോല മേഖലയില്‍ (ഇ.എസ്.എ) നിന്ന് ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിലപാട് കൂടുതല്‍ ശക്തമായി കേന്ദ്രത്തിനു മുന്നില്‍ ഉന്നയിക്കും. ഓരോ സംസ്ഥാനങ്ങളുടെയും വിഷയം പ്രത്യേകമായി പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തി സമയബന്ധിതമായി ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഉത്പാദന പ്രസരണ വിതരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.ഇടമലക്കുടിയില്‍ വൈദ്യുതിയെത്താത്ത വീടുകളില്‍ വൈദ്യുതിയടക്കമുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ഇടമലക്കുടിക്കായി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെയുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. കെ.എസ്.ഇ.ബി. ക്വാര്‍ട്ടേഴ്സുകള്‍ സംരക്ഷിക്കണെന്നും എംപി ആവശ്യപ്പെട്ടു. വീടുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം. മെറ്റീരിയല്‍ മാനേജ്മെന്റ് കാര്യക്ഷമമാക്കണമെന്നും ചീഫ് വിപ്പ് പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് 10 ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണമെന്ന് റോയ് കെ പൗലോസ് എംഎല്‍എ ആവശ്യപ്പെട്ടു. നിര്‍മ്മല സിറ്റി സബ് സ്റ്റേഷന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവര്‍ക്കും പട്ടയമില്ലാത്തവര്‍ക്കും ഒരേ നഷ്ടപരിഹാരം നല്‍കണം. 16 കോടി ചെലവില്‍ നടപ്പാക്കിയ ആമപ്പാറ സോളാര്‍ പ്ലാന്റ് പദ്ധതി കാടുപിടിച്ചു കിടക്കുകയാണെന്ന് സേനാപതി വേണു എംഎല്‍എ അറിയിച്ചു. ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് പുനരാരംഭിക്കണം. കല്ലാര്‍ ഡാമില്‍ ചെളിയും എക്കലും ഡ്രെഡ്ജ് ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.വാഗമണില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് സിറിയക് തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
കട്ടപ്പന നഗരസഭാ ചെയര്മാന് ജോയ് വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജനറേഷന് ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ രാജന് എം.പി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇടുക്കി ഡാമും മൂലമറ്റം പവര്‍ ഹൗസും മന്ത്രി സന്ദര്‍ശിച്ചു
വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് മൂലമറ്റം പവര്‍ ഹൗസ്, ഇടുക്കി ഡാം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മൂലമറ്റം പവര്‍ ഹൗസിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. റോയ് കെ. പൗലോസ് എം.എല്‍.എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരില്‍ കണ്ട് വിലയിരുത്തി. ജനറേഷന് ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ രാജന് എം.പി, ചീഫ് എന്‍ജിനീയര്‍ അനില്‍ കുമാര്‍ ജി, മധ്യമേഖലാ വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ ദിനേശ് കെ, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പാര്‍വതി എം എന്നിവര്‍ പവര്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.











