ബാലസംരക്ഷണ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ പുതിയ ഡിജിറ്റൽ ഡാഷ്‌ബോർഡ്

post

സംസ്ഥാനത്തെ ജില്ലാതല ബാലസംരക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സജ്ജമാക്കിയ ഏകീകൃത ഡിജിറ്റൽ ഡാഷ്ബോർഡ് പ്രകാശനം ചെയ്തു. വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്തെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഡാഷ്ബോർഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്ന് പ്രതിമാസാടിസ്ഥാനത്തിൽ ശേഖരിക്കുന്ന ഡാറ്റ സംയോജിപ്പിച്ചാണ് ഈ ഏകീകൃത ഡിജിറ്റൽ ഡാഷ്ബോർഡ് തയ്യാറാക്കിയിരിക്കുന്നത്.


ബാലനീതി നിയമം, പോക്‌സോ (POCSO) കേസുകൾ, കുട്ടികളുടെ അവകാശ സംരക്ഷണം, പുനരധിവാസം, നിയമസഹായം, കേസുകളുടെ പുരോഗതി എന്നിവയുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും.


ജില്ലകളിൽ നിന്നുള്ള ബാലസംരക്ഷണ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏകീകൃത രൂപത്തിൽ ലഭ്യമാകുന്നതോടെ സംസ്ഥാനതലത്തിൽ തത്സമയ വിലയിരുത്തലുകൾ നടത്താൻ സാധിക്കും.


വിവിധ ജില്ലകളിലെ വിവരങ്ങൾ ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനതലത്തിലുള്ള നയപരമായ തീരുമാനങ്ങൾ വേഗത്തിലും കൃത്യതയോടും കൈക്കൊള്ളാൻ സാധിക്കും.


ബാലസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഔദ്യോഗിക റിപ്പോർട്ടുകളും വിശകലനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സഹായിക്കും. ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ 2025-26 വാർഷിക റിപ്പോർട്ട് കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ് കുമാർ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് കൈമാറി.


ഇതിനുപുറമേ, കമ്മീഷൻ തയ്യാറാക്കിയ 'ബാലാവകാശ കോൺക്ലേവ് റിപ്പോർട്ടും ശിപാർശകളും', 'ഭിന്നശേഷി കുട്ടികളുടെ ക്ഷേമം, സംരക്ഷണം - ശിപാർശകൾ' എന്നീ രണ്ട് പ്രസിദ്ധീകരണങ്ങളും ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.


ചടങ്ങിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ് കുമാർ, കമ്മീഷൻ അംഗങ്ങളായ ബി. മോഹൻ കുമാർ, ഡോ. എഫ്. വിൽസൺ, ടി. സി. ജലജമോൾ, കെ. കെ. ഷാജു, രജിസ്ട്രാർ ടി. പി. കോമളവല്ലി എന്നിവർ പങ്കെടുത്തു.