മഴക്കെടുതി: അടിയന്തര ഘട്ടം നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി എം ലിജു

post

തോട്ടപ്പള്ളി സ്പിൽവേയും കടൽക്ഷോഭ ബാധിത മേഖലകളും ക്യാമ്പും സന്ദർശിച്ചു

ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളുണ്ടായാൽ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആലപ്പുഴ ജില്ലയിൽ പൂർത്തിയായതായി സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. മുന്നൊരുക്കങ്ങളിൽ ജില്ലാ ഭരണകൂടം കൃത്യമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ മഴക്കെടുതിയും കടൽക്ഷോഭവും നേരിട്ട പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, തോട്ടപ്പള്ളി സ്പിൽവേ എന്നിവ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിലവിൽ ജില്ലയിലാകെ 13 ക്യാമ്പുകൾ തുറന്നുകഴിഞ്ഞു. തീരപ്രദേശത്ത് പായൽക്കുളങ്ങരയിലും അമ്പലപ്പുഴ സൗത്തിലുമായി രണ്ട് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ക്യാമ്പുകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഇതിനോടകം ചെയ്തുകഴിഞ്ഞു. എന്തെങ്കിലും അടിയന്തര ഘട്ടങ്ങളെ നേരിടേണ്ടി വന്നാൽ വേണ്ട തയ്യാറെടുപ്പുകൾ ചെയ്തുകഴിഞ്ഞിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ നല്ല ജാഗ്രത പുലർത്തുന്നുമുണ്ട്. ഇന്ന് രാവിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർക്കുകയും ഇക്കാര്യം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. തോട്ടപ്പള്ളി സ്പിൽവേയിൽ നല്ല നീരൊഴുക്കുണ്ട് എന്നത് നേരിൽക്കണ്ട് ബോധ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

രൂക്ഷമായ കടലാക്രമണമാണ് വളഞ്ഞവഴിയുടെ പടിഞ്ഞാറൻ മേഖലയിലും കാക്കാഴം, പായൽക്കുളങ്ങര മേഖലകളിലുമുണ്ടായത്. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. കടൽക്ഷോഭത്തിനുള്ള ഹൃസ്വകാല പരിഹാരമായിരിക്കും ഇപ്പോഴുണ്ടാവുക. വളരെ മികച്ച രീതിയിൽ കടൽഭിത്തി സൃഷ്‌ടിച്ച് ശാശ്വതമായ പരിഹാരം കാണാനുള്ള ശ്രമങ്ങൾ സർക്കാരിൽ നിന്നുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകളുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തിയ മന്ത്രി, അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പായൽക്കുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പുവരുത്തി. തുടർന്ന്, കാക്കാഴം തീരപ്രദേശത്തെ കടൽക്ഷോഭ ബാധിത മേഖലകളും മഴക്കെടുതി ബാധിച്ച അമ്പലപ്പുഴ വടക്ക് വണ്ടാനം വളഞ്ഞവഴി മേഖലയിലും സന്ദർശനം നടത്തി