ഇ-പോസ് മെഷീൻ തടസം: നടപടികൾക്ക് നിർദേശം നൽകി മന്ത്രി അനൂപ് ജേക്കബ്

post

റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ ഹ്രസ്വ, ദീർഘകാല നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശം നൽകി. ഓണക്കാലത്ത് ഇ പോസ് മെഷീൻ തടസമില്ലാതെ പ്രവർത്തിക്കാൻ ജാഗ്രത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജൂലൈ 20 നു ഇ പോസ് മെഷീൻ നെറ്റ്‌വർക്ക്‌ തകറാറിലായി റേഷൻ വിതരണം തടസപ്പെട്ടു കടകൾ അടച്ചിടേണ്ടിവന്ന സാഹചര്യത്തിലാണു മന്ത്രി യോഗം വിളിച്ചത്. ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കാൻ നടപടിവേണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മന്ത്രി നിർദേശം നൽകി.


നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി), ഐ.ടി. മിഷൻ, ഭക്ഷ്യവകുപ്പിലെ റേഷൻ, ഐടി സെൽ ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.കണക്റ്റിവിറ്റി, നെറ്റ്‌വർക്ക്‌ വിഷയങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ സേവനദാതാക്കളുടേയും അടിയന്തര യോഗം വിളിച്ചു ചർച്ചനടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിതരണ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കു മന്ത്രി നിർദേശം നൽകി. ആധാർ ബന്ധിത പൊതുവിതരണ ആപ്ലിക്കേഷൻ (എഇപിഡിഎസ്) സെർവറുകളും എൻഐസി സെർവറുകളും തമ്മിലുള്ള ആശയവിനിമയം അപ്രതീക്ഷിതമായി തടസപ്പെട്ടതാണു കാരണമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാന ഡാറ്റാ സെന്ററും പൂങ്കുളത്തെ ദേശീയ ഡാറ്റാസെന്ററും (എൻഐസി) തമ്മിലുള്ള കണക്റ്റിവിറ്റി തടസപ്പെട്ടത് എഇപിഡിഎസ് ആപ്ലിക്കേഷൻ സെർവറുകളും എൻഐസി സെർവറുകളും തമ്മിലുള്ള ആശയവിനിമയത്തെ ബാധിച്ചു.


എഇപിഡിഎസ് ആപ്ലിക്കേഷൻ, ഇ പോസ് ഇടപാടുകൾ, ആധാർ പ്രാമാണീകരണ സേവനങ്ങൾ എന്നിവയിലാണു പലപ്പോഴും തടസം വരുന്നത്. ദീർഘകാല പരിഹാരമെന്ന നിലയിൽ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ നിന്ന് മറ്റൊരു നെറ്റ്‌വർക്കിലേക്ക് ഡാറ്റ കൈമാറാനുള്ള ഉപകരണമായ റൗട്ടർ പുതിയതു വാങ്ങേണ്ടതുണ്ടെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. ഡാറ്റ ഏതുവഴിയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തണമെന്നു തീരുമാനിക്കുന്ന റൗട്ടറിന്റെ പഴക്കം ഡാറ്റാ വിതരണത്തെ ബാധിക്കുന്നുണ്ട്. എങ്കിലും ഓണക്കാലത്ത് തൽക്കാല പരിഹാരത്തിനായി ക്രമീകരണം ചെയ്തിട്ടുണ്ടെന്നും ഒപ്പം പുതിയ റൗട്ടർ വാങ്ങുമെന്നും എൻഐസി സയന്റിസ്റ്റ് ശിവപ്രകാശ് വസ്ട്രാഡ മറുപടി നൽകി.


സർവറുകളും സ്റ്റോറേജ് ഉപകരണങ്ങളും തമ്മിൽ അതിവേഗത്തിൽ ഡാറ്റ കൈമാറാൻ ഉപയോഗിക്കുന്ന സ്റ്റോറേജ് ഏരിയ നെറ്റ്‌വർക്കിൽ (എസ്എഎൻ) പൊതുവിതരണ വിവരങ്ങളുടെ ഡാറ്റാ പരിധി കവിഞ്ഞു. 2018 ൽ വാങ്ങിയ എസ്എഎൻ ആണ് നിലവിലുള്ളത്. പുതിയതു വാങ്ങാൻ എസ്റ്റിമേറ്റ് എടുക്കാൻ കെൽട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഎൻ സ്റ്റോറേജ് കവിഞ്ഞതായി 2025 ൽ അന്നത്തെ പൊതുവിതരണ സെക്രട്ടറിയ്ക്കു കത്തു നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നു ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഇക്കാര്യം അടിയന്തരമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.