വിദ്യാർഥികളിൽ കായിക സംസ്കാരം വളർത്തിയെടുക്കണം -മന്ത്രി റോജി എം ജോൺ
വിദ്യാർഥികൾക്കിടയിൽ മികച്ച കായിക സംസ്കാരം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ കായിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും 'മെറിറ്റ് ഡേ' അവാർഡ് ദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കലാലയങ്ങളിൽ അക്കാദമിക വിഷയങ്ങൾക്കുള്ള അതേ പ്രാധാന്യം കായിക രംഗത്തിനും നൽകണം. ക്ലാസ്മുറികളുടെ തുടർച്ചയാകണം കായികരംഗം. ഒരു വ്യക്തിയുടെ സമഗ്ര വളർച്ചയിൽ കായികരംഗത്തിന് വലിയ പ്രാധാന്യമാണുള്ളത്. കളിക്കളത്തിൽനിന്ന് പഠിക്കുന്ന പാഠങ്ങൾ വിദ്യാർഥികളെ ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളെ നേരിടാൻ സഹായിക്കുന്നതിനൊപ്പം ശാരീരികവും മാനസികവുമായ കരുത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു.
മഹത്തായ പാരമ്പര്യവും ചരിത്രവുമുള്ള ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ 400 മീറ്റർ ട്രാക്ക് നിർമിക്കാൻ ആവശ്യമായ ഇടപെടലുകൾ വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 2025-26 അധ്യയന വർഷം അക്കാദമിക, കായിക മേഖലകളിൽ ദേശീയ, അന്തർദേശീയ നേട്ടം കൈവരിച്ച വിദ്യാർഥികൾക്കുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.
ചടങ്ങിൽ അഡ്വ. കെ ജയന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീജ സുരേഷ്, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം മധു രാമനാട്ടുകര, കോളേജ് പ്രിൻസിപ്പൽ ഡോ. കെ പ്രസന്നകുമാരൻ, പ്രോഗ്രാം കോഓഡിനേറ്റർ ഡോ. സുനിൽ അൽഫോൺസ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം സിന്ധു ശ്രീധർ, വിദ്യാർഥി പ്രതിനിധി വിപിൽ വി ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാലക്കു കീഴിലാണ് ഗവേഷണ കേന്ദ്രം പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ 3.90 കോടി രൂപ ചെലവിട്ടു നിർമിച്ച കേന്ദ്രത്തിൽ കായികരംഗത്തെ വിവിധ വിഷയങ്ങളിലായി ഇതുവരെ 17 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.











