അരേക്കാപ്പ്, വീരാങ്കുടി ആദിവാസി ഉന്നതികളിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പത്ത് ദിവസങ്ങൾക്കുള്ളിൽ ഉന്നതതല യോഗം
ചാലക്കുടി താലൂക്കിലെ അരേക്കാപ്പ്, വീരാങ്കുടി ആദിവാസി ഉന്നതികളിൽ നിന്നും കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട് വന്ന് താമസിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പത്ത് ദിവസത്തിനുള്ളിൽ അടിയന്തര ഉന്നതതല യോഗം ചേരുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. അരേക്കാപ്പ്, വീരാങ്കുടി ഉന്നതികളിൽ നിന്നും കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കശുമാവിൻ തോട് സ്ഥലത്ത് ഷെഡ് വെച്ച് താമസിക്കുന്നവരെ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി.
ഇവിടത്തെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാർത്ഥവും സജീവവുമായ ഇടപെടൽ ഉണ്ടാകും. കേവലം പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും ഒതുങ്ങാതെ, ജനങ്ങൾക്ക് സഹായം കൃത്യമായി എത്തിക്കുക എന്നതാണ് ഈ സർക്കാരിന്റെ പ്രാഥമിക ലക്ഷ്യവും ഉത്തരവാദിത്തവുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ കൃത്യമായ അവലോകനങ്ങളും തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാരാംകോട് 47 കുടുംബങ്ങളാണ് ഷെഡ് കെട്ടി താമസിക്കുന്നത്. അരേക്കാപ്പ് ഉന്നതിയിൽ നിന്നും 37 കുടുംബങ്ങളും വീരാങ്കുടി ഉന്നതിയിൽ നിന്നും 10 കുടുംബങ്ങളുമാണ് മാരാംകോട് ഇപ്പോൾ താമസിക്കുന്നത്. മാരാങ്കോട് താമസിക്കുന്ന ആദിവാസി ജനവിഭാഗങ്ങളുടെ ഭൂമിസംബന്ധമായ പ്രശ്നങ്ങളും അവർ നേരിടുന്ന മറ്റ് വെല്ലുവിളികളും മന്ത്രി ഉന്നതിയിലുള്ളവരോട് നേരിട്ട് ചോദിച്ചറിഞ്ഞു.
സനീഷ്കുമാർ ജോസഫ് എം.എൽ.എ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻവി പൗലോസ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനന്ദനാരായണൻ, ചാലക്കുടി ഡി.എഫ്.ഒ എൻ. വെങ്കിടേശ്വരൻ, ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ ആർ. ബിന്ദു, ഊരുമൂപ്പൻ സാബു, തദ്ദേശ ജനപ്രതിനിധികൾ, റവന്യു, വനംവകുപ്പ്, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.











