കേരളത്തെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ
ഇന്ത്യയിൽ വരാനിരിക്കുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ലോകം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കേരളത്തെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രധാന സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള സുപ്രധാന ചർച്ചകളാണ് യോഗത്തിൽ ഉയർന്നുവന്നത്.
സെമികണ്ടക്ടർ ഉൽപ്പാദനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങൾ, വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി (Skilled Human Resource), സാങ്കേതികവിദ്യയിലൂന്നിയ മികച്ച ഇക്കോസിസ്റ്റം എന്നിവ കേരളത്തിൽ ലഭ്യമാണ്. ഈ അനുകൂല സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തേക്ക് വിദേശ-ആഭ്യന്തര നിക്ഷേപങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അടുത്തിടെ ഡൽഹിയിൽ നടന്ന ആഗോള സെമികണ്ടക്ടർ കോൺഫറൻസിലെ ആശയങ്ങൾ ഉൾക്കൊണ്ടാണ് കേരളത്തിലും പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. സെമികണ്ടക്ടർ ഉൽപ്പാദനത്തിൽ ആഗോള തലത്തിൽ മുൻപന്തിയിലുള്ള തായ്വാൻ, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ വിജയകരമായ മാതൃകകൾ പിന്തുടരാൻ യോഗം തീരുമാനിച്ചു. കേരളത്തിന്റെ വിഭവങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തി ഈ മേഖലയിൽ എങ്ങനെ അതിവേഗം മുന്നേറാം എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി വരും ദിവസങ്ങളിലും കൂടുതൽ വിശദമായ ചർച്ചകൾ സംഘടിപ്പിക്കും.
മന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ മാധവൻ നമ്പ്യാർ, അരുണ സുന്ദർരാജൻ, കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ, വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഐ.ടി വകുപ്പ് സെക്രട്ടറി സാംബശിവ റാവു തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. മേഖലയിലെ വിദഗ്ധരുടെ ഉപദേശങ്ങൾ കൂടി കണക്കിലെടുത്ത് കൃത്യമായ റോഡ് മാപ്പ് തയ്യാറാക്കി പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.











