അറിവ് നവീകരിച്ച് കേരള മുന്നേറ്റത്തിന് വിദ്യാർഥികൾ വഴിവിളക്കാകണം: മുഖ്യമന്ത്രി

post

*ലിറ്റിൽ കൈറ്റ്‌സ് അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു

അറിവ് നിരന്തരം നവീകരിക്കുകയും അർപ്പണബോധത്തോടെ പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുകയും ചെയ്ത് കേരളത്തിന്റെ വികസനത്തിനും നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും വിദ്യാർഥികൾ വഴിവിളക്കാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന-ജില്ലാതല അവാർഡ് വിതരണച്ചടങ്ങ് നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ നിന്ന് മികച്ച പ്രവർത്തനത്തിലൂടെ ലിറ്റിൽ കൈറ്റ്‌സ് അവാർഡിന് അർഹരായവർ ഭാവിയുടെ മാതൃകകളാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം മാറുന്ന ഈ വിജ്ഞാന വിസ്‌ഫോടനത്തിന്റെ യുഗത്തിൽ, കമ്പ്യൂട്ടർ പഠനത്തിനപ്പുറം 'ഫ്യൂച്ചർ സ്റ്റഡീസ്' എന്ന നിലയിൽ ഭാവി സാങ്കേതികവിദ്യകളെ ഉൾക്കൊള്ളാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്പ്യൂട്ടറിന്റെ വരവ് വലിയ ചർച്ചയായിരുന്ന കാലഘട്ടത്തിൽ തന്നെ ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയർത്താനുള്ള കാഴ്ചപ്പാട് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുന്നോട്ടുവെച്ചതായും അദ്ദേഹം അനുസ്മരിച്ചു. കേരളത്തിൽ നിന്നുള്ള ഐടി വിദഗ്ധർ സിലിക്കൺ വാലിയിലെ പ്രമുഖ സ്ഥാപനങ്ങളിലടക്കം നിർണായക ചുമതലകൾ വഹിക്കുന്നത് നാടിന് അഭിമാനകരമാണ്.


നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. ആരോഗ്യമേഖലയിലെ രോഗനിർണയത്തിലും, നാനോ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ചികിത്സകളിലും, പുരാവസ്തു ഗവേഷണങ്ങളിലുമെല്ലാം നിർമിതബുദ്ധി നിർണായക പങ്കുവഹിക്കുന്നു. ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർഥികൾ സാങ്കേതികവിദ്യയെ സർഗാത്മകമായി ഉപയോഗിക്കുകയും ജീവിതകാലം മുഴുവൻ പഠിക്കുന്ന മനോഭാവം വളർത്തുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


ലിറ്റിൽ കൈറ്റ്‌സ് അവാർഡുകൾ വിതരണം ചെയ്തു

സംസ്ഥാനത്തെ 2,284 സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകളുടെ പ്രവർത്തനമികവ് വിലയിരുത്തിയാണ് സംസ്ഥാന-ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) മേഖലകളിലെ പരിശീലനങ്ങൾ, സാമൂഹിക ഇടപെടലുകൾ, സ്‌കൂൾ വിക്കി, ഡിജിറ്റൽ മാഗസിൻ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം എന്നിവയിലെ മികവാണ് അവാർഡിനായി പരിഗണിച്ചത്.


സംസ്ഥാനതല ജേതാക്കൾ:

ഒന്നാം സ്ഥാനം: എ. എം. എം. ഹയർസെക്കണ്ടറി സ്‌കൂൾ, ഇടയാറന്മുള (പത്തനംതിട്ട) – 2.5 ലക്ഷം രൂപ, ട്രോഫി, സർട്ടിഫിക്കറ്റ്.


രണ്ടാം സ്ഥാനം: ജി.എച്ച്.എസ് കുറുമ്പാല (വയനാട്) – 2 ലക്ഷം രൂപ, ട്രോഫി, സർട്ടിഫിക്കറ്റ്.


മൂന്നാം സ്ഥാനം: ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ (തിരുവനന്തപുരം) – 1.5 ലക്ഷം രൂപ, ട്രോഫി, സർട്ടിഫിക്കറ്റ്.


ജില്ലാതല സമ്മാനങ്ങൾ:

ഒന്നാം സ്ഥാനം: 40,000 രൂപ


രണ്ടാം സ്ഥാനം: 30,000 രൂപ


മൂന്നാം സ്ഥാനം: 20,000 രൂപ (ഒപ്പം ട്രോഫിയും സർട്ടിഫിക്കറ്റും)


പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ അൻവർ സാദത്ത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.