ആഘോഷമില്ലെങ്കിലും ആവേശം വാനോളം, ഓളപ്പരപ്പില്‍ തീപടര്‍ത്തി വള്ളംകളി

post

ആലപ്പുഴ: ആഘോഷങ്ങളൊഴിവാക്കിയെങ്കിലും ആവേശം വാനോളമുയര്‍ന്നപ്പോള്‍ പുന്നമടക്കായലിലെ ഓളപ്പരപ്പുകളില്‍ വീണ്ടും തീപടര്‍ന്നു. ഒന്നിച്ച് തുഴയെറിഞ്ഞ് വിജയതീരത്തേക്ക് മുന്നേറിയ തുഴച്ചില്‍കാരെ ആവേശം കൊള്ളിക്കുന്ന സ്വീകരണമാണ് തുടക്കം മുതല്‍ ഇരുകരയിലും നിറഞ്ഞ കാണികള്‍ നല്‍കിയത്. രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിച്ചപ്പോള്‍ തന്നെ പുന്നമടയുടെ തീരങ്ങളിലേക്ക് കാണികള്‍ ചെറുസംഘങ്ങളായി ഒഴുകിയെത്തി. ആവേശം വാക്കുകളില്‍ നിറച്ച് കമന്റേറ്റര്‍മാരും സജീവമായപ്പോള്‍ വള്ളംകളിയുടെ ഓളം വേദിയില്‍ നിറഞ്ഞു. ഉച്ചക്ക് ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ട്രാക്ക് എന്‍ട്രിക്ക് വമ്പന്‍ വരവേല്‍പ്പാണ് കാണികള്‍ നല്‍കിയത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിനിരയായവരെ ഓര്‍ത്ത് ഒരു നിമിഷം മൗനം ആചരിച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.

വള്ളങ്ങളുടെ തലപ്പത്ത് ഒന്നാം തുഴക്കാരനും രണ്ടാം തുഴക്കാരനും എണീറ്റ് നിന്ന് തുഴയെറിഞ്ഞ് ഫിനിഷിംഗ് പോയിന്റിലേക്ക് വള്ളങ്ങളെ ചാട്ടുളി പോലെ പായിച്ചു. കായലില്‍ ചേര്‍ത്ത് കെട്ടിയ ജങ്കാറുകളിലും വള്ളങ്ങളിലും ഹൗസ് ബോട്ടുകളിലും നൂറുകണക്കിന് വള്ളംകളി പ്രേമികളാണ് കളി കാണാന്‍ പുന്നമടക്കായലിന് ഇരുവശവും നിരന്നത്. കായലിന്റെ ഇരുകരകളില്‍ നിന്ന കാണികള്‍ കൂകി വിളിച്ചും ചെണ്ട കൊട്ടിയും ഓരോ മത്സരങ്ങളും ആഘോഷമാക്കി. കൃത്യതയോടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ പരാതികളില്ലാതെ വള്ളംകളി മുന്നേറി.

പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തിയ പരിപാടിയില്‍ ഉടനീളം ഹരിതകര്‍മ്മസേനയുടെ സേവനവും ഉറപ്പാക്കി. രുചി വൈവിധ്യങ്ങളൊരുക്കി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ഫുഡ് കോര്‍ട്ടും ജലമേളക്ക് കൊഴുപ്പേകി. ജലമാമാങ്കം കാണാനെത്തിയ സ്വദേശികളും വിദേശികളുമടക്കമുള്ള ജനലക്ഷങ്ങള്‍ അടുത്ത സീസണിലേക്കുള്ള ആവേശം സിരകളില്‍ നിറച്ചാണ് പുന്നമടയില്‍ നിന്ന് മടങ്ങിയത്.