നിയമസഭയിലെ തമാശ മുഹൂർത്തങ്ങൾ ഓർത്തെടുത്ത് സാമാജികർ
കേരള നിയമസഭ പുസ്തകോത്സവത്തിൽ 'സഭയിലെ കാൽനൂറ്റാണ്ട്' എന്ന സെഷനിൽ നിയമസഭയിലെ രസകരമായ സംഭവങ്ങളും പ്രധാന നേതാക്കളുടെ രീതികളും വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങളും അവിസ്മരണീയ മുഹൂർത്തങ്ങളും സഭയിലെ മുതിർന്ന സാമാജികർ പങ്കുവെച്ചു.
സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, മുൻ മന്ത്രിയും മുതിർന്ന നേതാവുമായ പി ജെ ജോസഫ് എംഎൽഎ, എംഎൽഎമാരായ മോൻസ് ജോസഫ്, കോവൂർ കുഞ്ഞുമോൻ എന്നിവരാണ് ഓർമ്മകളിലേക്ക് യാത്ര നടത്തിയത്.
1970 ൽ ആദ്യമായി എംഎൽഎയായി സഭയിലെത്തിയ താൻ നാലോ അഞ്ചോ ദിവസം പഴയ നിയമസഭയിലെ ലൈബ്രറിയിൽ പോയി മെനക്കെട്ട് തയ്യാറെടുത്ത ശേഷമാണ് സഭയിൽ പ്രസംഗിച്ചിരുന്നതെന്ന് പി ജെ ജോസഫ് പറഞ്ഞു.
"അന്ന് സഭയിലെ പ്രധാനിയായ ടി വി തോമസിനെതിരെ നേരിട്ട് ആക്ഷേപം ഉന്നയിക്കാൽ മടി ആയതിനാൽ പാട്ടിനെയാണ് ആശ്രയിച്ചത്. "ചെന്താമര പൂന്തേൻ കുടിക്കുന്ന വണ്ടേ... നീ ചാണകമുരുട്ടുന്നതും ഞാൻ കണ്ടേ..." എന്നായിരുന്നു ടി. വി യ്ക്ക് എതിരെയുള്ള പാട്ട്, " പി ജെ ജോസഫ് ഓർത്തെടുത്തു.

മരമില്ലാത്ത കടലിൽ മഴ പെയ്യുന്നത് എങ്ങിനെ എന്ന് ചോദിച്ച സീതിഹാജിയുടെ തമാശയും ആരോപണത്തെ 'ആരോ പണം വാങ്ങി' എന്ന് വഴിതിരിച്ചു വിട്ട സി എച്ച് മുഹമ്മദ് കോയയുടെ വിരുതും ജോസഫ് പങ്കുവെച്ചു.
"അന്ന് സാമാജികരുടെ ഏറ്റവും വലിയ ആശ്രയം പഴയ നിയമസഭ ലൈബ്രറിയിയായിരുന്നു ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിലുള്ളത്. ഗാന്ധിയെക്കുറിച്ചൊക്കെ എത്രയോ വോള്യങ്ങൾ ഉണ്ട്."
2001ൽ ആദ്യമായി സഭയിലെത്തിയ തന്റെ കൂടെ അക്കാലത്ത് സഭയിൽ ഉണ്ടായിരുന്ന 57 പേർ, വി എസ് അച്യുതാനന്ദൻ മുതൽ കാനത്തിൽ ജമീല വരെ- ഇന്ന് ഇല്ലെന്ന കാര്യം കോവൂർ കുഞ്ഞുമോൻ ഓർമ്മിച്ചു.
നിരവധി മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ കൂടെയും അവരുടെ മക്കളുടെ കൂടെയും സഭയിൽ ഇരിക്കാൻ കഴിഞ്ഞതും കുഞ്ഞുമോൻ ചൂണ്ടിക്കാട്ടി. ജി കാർത്തികേയൻ- ശബരിനാഥ്, ബാലകൃഷ്ണപിള്ള- ഗണേഷ് കുമാർ, വിജയൻ പിള്ള-സുജിത് വിജയൻ പിള്ള, കെ നാരായണകുറുപ്പ്-ഡോ. എൻ ജയരാജ് എന്നിവരുടെ കൂടെയാണ് സഹ സാമാജികനായത്.
ഇതിനിടയിൽ "കോവൂർ കുഞ്ഞിമോൻ കല്യാണം കഴിക്കുന്നില്ലേ..?" എന്ന ചോദ്യവുമായി മന്ത്രി ഗണേഷ് കുമാർ ഇടപെട്ടു. അതിന് "എന്നായാലും കല്യാണം കഴിക്കുമെന്ന്" കുഞ്ഞുമോൻ ഉറപ്പും നൽകി. ശാസ്താംകോട്ട കായലിന്റെ നവീകരണം പോലെയാണ് കുഞ്ഞുമോൻ കല്യാണം എന്ന് മന്ത്രിയുടെ തിരിച്ചടി.
ഉടനെ മോൻസ് ജോസഫ് അക്കാര്യം വിശദമായി പറഞ്ഞു.
"എല്ലാ തവണ ബജറ്റ് അവതരിപ്പിച്ചു കഴിയുമ്പോഴും ശാസ്താംകോട്ട കായൽ നവീകരണം ബജറ്റിൽ ഉണ്ടാകില്ല. ആര് ഭരിച്ചാലും ഇങ്ങനെ വരുന്ന അവസ്ഥയായി. അപ്പോൾ ബജറ്റ് അവതരണത്തിന് ശേഷം കുഞ്ഞുമോന്റെ ഒരു പ്രസംഗമുണ്ട്. ശാസ്താംകോട്ട കായലിനെ അവഗണിച്ചതിലുള്ള കുഞ്ഞുമോന്റെ രോഷപ്രകടനം കാണേണ്ടത് തന്നെയാണ്," മോൻസ് ജോസഫ് പറഞ്ഞു നിർത്തി.
സഭയിൽ തന്റെ ആദ്യ പ്രസംഗം കേട്ടു എല്ലാവരും അഭിനന്ദിച്ചപ്പോൾ മീഡിയ ഗാലറിയിൽ ഉണ്ടായിരുന്ന അന്നത്തെ ഒരു മാധ്യമ പ്രവർത്തകൻ മാത്രം വേഗത കുറച്ച് പ്രസംഗിക്കണം എന്ന് പറഞ്ഞത് മോൻസ് ജോസഫ് ഓർത്തു. "അന്ന് ആ മാധ്യമപ്രവർത്തകൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് പിന്നീട് മനസിലായി. നിശ്ചിത സമയത്തിനുള്ളിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ സമാജികർ പഠിക്കണം".
സഭയിൽ തന്റെ ആദ്യ പ്രസംഗം മന്ത്രിയായിട്ടായിരുന്നു എന്ന് ഗണേഷ് കുമാർ പറഞ്ഞു. "ഇപ്പോൾ സഭയിൽ നടപടിക്രമങ്ങളിലെ ഗൗരവം കുറഞ്ഞുവരുന്നുണ്ട്. പണ്ട് ലൈബ്രറിയിൽ പോയിരുന്നു പഠിച്ചിട്ട് ആയിരുന്നു എംഎൽഎ കാര്യങ്ങൾ അവതരിപ്പിച്ചെങ്കിൽ, ഇപ്പോൾ പത്രവാർത്ത ഉദ്ധരിച്ചാണ് പറയുന്നത്," ഗണേഷ് പറഞ്ഞു.
ബിൽ അവതരിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന് അന്നത്തെ ആരോഗ്യമന്ത്രി പി ശങ്കരനെ ചിലർ തമാശക്ക് തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്ന് അദ്ദേഹം കുഴഞ്ഞുവീണതും ആ സമയം ജലസേചന മന്ത്രിയായിരുന്ന ടിഎം ജേക്കബ് കയറി ബിൽ അവതരിപ്പിച്ചതും ഗണേഷ് കുമാർ പങ്കുവെച്ചു.
സഭാ നടപടികൾ പ്രതിപാദിക്കുന്ന ഗഹനമായ ഗ്രന്ഥം ഉദ്ധരിച്ചു ഏതൊരു ചോദ്യത്തിനും മറുപടി പറഞ്ഞു 'രക്ഷപ്പെടുന്ന' കെ എം മാണി പിന്നെയും ഉത്തരം മുട്ടുമ്പോൾ ചുമയ്ക്കുന്നതും ഗണേഷ് ഓർമ്മിച്ചു. "ആ ചുമ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള മാണി സാറിന്റെ സമയമെടുക്കലാണ്!.
ഗണേഷ്കുമാർ നല്ല ഒരു മന്ത്രി ആണെന്ന് തനിയ്ക്ക് ജീവിതത്തിൽ കിട്ടിയ ആദ്യത്തെ അഭിനന്ദനം എ കെ ആന്റണിയിൽ നിന്നാണെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.






