ഗ്രാമീണ യാത്രാക്ലേശത്തിന് പരിഹാരവും വനിതാ സംരംഭകർക്ക് തുണയുമായി കുടുംബശ്രീയുടെ 'ആജീവിക ഗ്രാമീൺ എക്‌സ്പ്രസ് യോജന'

post

ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉത്പന്ന വിപണന പ്രവർത്തനങ്ങൾക്ക് പുതിയ വേഗത പകരുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ‘ആജീവിക ഗ്രാമീൺ എക്‌സ്പ്രസ് യോജന’ (AGEY) പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കേരളത്തിൽ കുടുംബശ്രീ നോഡൽ ഏജൻസിയായ 'സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ്' പദ്ധതിയുടെ (SVEP) ഭാഗമായാണ് എ.ജി.ഇ.വൈ നടപ്പിലാക്കുന്നത്.


ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കുക, അയൽക്കൂട്ടാംഗങ്ങൾക്ക് പുതിയ ഉപജീവന അവസരങ്ങൾ ഒരുക്കുക, സി.ഡി.എസുകൾക്ക് (CDS) അധിക വരുമാനോപാധി സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. തദ്ദേശീയ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ കൃത്യസമയത്ത് വിപണിയിൽ എത്തിക്കുന്നതിനുള്ള പരിമിതികൾ മറികടക്കാൻ ഈ വാഹനങ്ങൾ സഹായിക്കും.


കേരളത്തിലെ വിവിധ ജില്ലകളിലായി 15 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ ഇടുക്കി (ഇടുക്കി), ചെങ്ങന്നൂർ (ആലപ്പുഴ), പനമരം (വയനാട്) എന്നീ ബ്ലോക്കുകളിൽ ഇതിനോടകം വാഹനങ്ങൾ വാങ്ങുകയും വിജയകരമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.


മാനന്തവാടി (വയനാട്),

വണ്ടൂർ, കുറ്റിപ്പുറം, നിലമ്പൂർ (മലപ്പുറം)

പറക്കോട്, റാന്നി (പത്തനംതിട്ട)

തൃത്താല, അട്ടപ്പാടി (പാലക്കാട്)

പറവൂർ (എറണാകുളം)

ചടയമംഗലം (കൊല്ലം)

തളിപ്പറമ്പ് (കണ്ണൂർ)

കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ ബ്ലോക്കുകളും അനുമതി ലഭിച്ചവയാണ്.



കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ ഈ വാഹനത്തിലൂടെ ഇടുക്കിയിലെ വിവിധ ടൂറിസ്റ്റ് മേഖലകളിൽ എത്തിച്ച് വിപണനം നടത്തും. ഇതിന് പുറമെ, വിനോദസഞ്ചാരികളുടെ ചിത്രങ്ങൾ തത്സമയം പകർത്തി ഫ്രെയിം ചെയ്ത് നൽകുന്ന ഒരു ഫോട്ടോ സംരംഭവും ഈ വാഹനത്തിനുള്ളിൽ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട് എന്നത് പദ്ധതിയുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.