അനധികൃതമായി ജില്ലാ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

post

ചെന്നൈ, ബംഗളുരു മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയവര്‍ നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം

മലപ്പുറം : അനധികൃതമായി ജില്ലാ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ചെന്നൈയില്‍ നിന്ന് ഇത്തരത്തില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. ജില്ലയിലെ സംസ്ഥാന അതിര്‍ത്തികളില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചരക്ക് വാഹനങ്ങളിലും കാല്‍നടയായും എത്തുന്നവരെ അതിര്‍ത്തിയില്‍ വിവിധ കേന്ദ്രങ്ങളിലായി പരിശോധിക്കും.

മലപ്പുറം ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ യാത്രാ അനുമതി നല്‍കുന്ന ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  പൊതുജനാരോഗ്യത്തിന് ഒന്നടങ്കം ഭീഷണിയായ കോവിഡ് 19 പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയമ ലംഘനം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പുറത്ത് നിന്നുളളവരെ കൊണ്ടുവരുന്ന ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കും. ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കും. ചരക്കെത്തിക്കുന്ന സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ലൈസന്‍സ് റദ്ദാക്കി അവര്‍ക്കെതിരെയും പകര്‍ച്ച വ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. അനുമതിയില്ലാതെ യാത്രചെയ്തവര്‍ക്കെതിരെയും നിയമ നടപടികളുണ്ടാവും. പാസില്‍ വിവരങ്ങളില്ലാത്തവര്‍ വാഹനങ്ങളിലുണ്ടെങ്കില്‍ അത്തരം വാഹനങ്ങള്‍ അതിര്‍ത്തിയില്‍ത്തന്നെ പിടിച്ചിടാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചികിത്സ കഴിഞ്ഞെത്തിയവര്‍ ആരോഗ്യ ജാഗ്രത പാലിക്കണം

ചെന്നൈ. ബംഗളുരു, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് ചികിത്സയ്ക്കായി പോയി ഏപ്രില്‍ ഒന്നിന് ശേഷം മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയവര്‍ നിര്‍ബന്ധമായും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക്. 28 ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ഇവര്‍ യാതൊരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകാന്‍ പാടില്ല.

ചികിത്സ കഴിഞ്ഞെത്തിയ വിവരം ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ അറിയിച്ചിരിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ - 0483 273 7858, 273 7857, 273 3251, 273 3252, 273 3253.