ആധാർ സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിൽ; നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം
കേരളത്തിൽ ആധാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമാക്കുന്നതിനായി സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തിൽ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ ഐ.ടി. മിഷൻ, കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ, നിർബന്ധിത ബയോമെട്രിക് പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
1. കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ (0 -5 വയസ്സ്)
നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ആധാർ എന്റോൾമെന്റ് ചെയ്യാവുന്നതാണ്. കുട്ടികളുടെ എന്റോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കണ്ണുകളുടെ തിരിച്ചറിയൽ രേഖ എന്നിവ) ശേഖരിക്കില്ല. പകരം മാതാപിതാക്കളിൽ ഒരാളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ ഈ സേവനം ലഭ്യമാകും. വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എടുക്കാൻ ശ്രദ്ധിക്കണം.
2. നിർബന്ധിത ബയോമെട്രിക് പുതുക്കൽ (സെപ്റ്റംബർ 2026 വരെ 2. നിർബന്ധിത ബയോമെട്രിക് പുതുക്കൽ (സെപ്റ്റംബർ 2026 വരെ സൗജന്യം)
കുട്ടികൾക്ക് 5 വയസ്സിലും 15 വയസ്സിലും നിർബന്ധമായും ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ പുതുക്കൽ സെപ്റ്റംബർ 2026 വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും തികച്ചും സൗജന്യമായിരിക്കും. കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത ആധാർ കാർഡുകൾ താൽക്കാലികമായി റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്.
സ്‌കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/കോളേജ് അഡ്മിഷനുകൾ എന്നിവയ്ക്കും ഡിജിലോക്കർ, അപാർ, പാൻ കാർഡ് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനും ഇത് അത്യാവശ്യമാണ്. ആധാർ കൃത്യമായി പുതുക്കുന്നത് വഴി നീറ്റ്, ജെ.ഇ.ഇ., കീം തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
3. മൊബൈൽ നമ്പർ, ഇ-മെയിൽ അപ്‌ഡേറ്റ് ചെയ്യൽ
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി.വഴി മാത്രമാണ് വിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
4. ആധാർ സേവനങ്ങൾ എവിടെ ലഭിക്കും?
പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ നമ്പർ/ഇ-മെയിൽ മാറ്റം തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.
5. പരാതി പരിഹാരം
ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കുമായി പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 04712335523
കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെൽ): 0471-2525442
ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in










