62 വർഷത്തെ കാത്തിരുപ്പിന് അറുതി; സത്യൻ നഗർ-മുടവൻമുകൾ പാലം യഥാർഥ്യമായി
സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനം സാധ്യമാക്കിയത് ഭരണ തുടർച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുടവൻമുകളിൽ സത്യൻ നഗർ- മുടവൻമുകൾ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുമ്പ് എൽഡിഎഫ്, യുഡിഎഫ് സർക്കാറുകൾ മാറി മാറി ഭരണത്തിലിരുന്ന നിലയായിരുന്നു കേരളത്തിൽ. എന്നാൽ 2021 ൽ ഭരണതുടർച്ച വന്നതോടെ തുടർച്ച വേണ്ട പല വലിയ വികസന പദ്ധതികളും പൂർത്തിയാക്കാൻ സാധിച്ചു.
കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിൽ ഉദ്ഘാടനം ചെയ്ത പെരുമ്പളം പാലം ഒറ്റപ്പെട്ട ഒരു ദ്വീപിലെ ജനങ്ങൾക്ക് മുഖ്യധാരയിലേക്ക് എത്താനുള്ള വഴിയൊരുക്കി. 2016 ൽ നിർമാണം തുടങ്ങിയ, നീളം കൂടിയ പാലത്തിന്റെ പ്രവൃത്തി 2026 ലാണ് പൂർത്തീകരിച്ചത്. അതുപോലെയാണ് പുനരുദ്ധരിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും. മഴ കനത്താൽ വെള്ളം കയറിയിരുന്ന ഈ റോഡ് ഏതു മഴ വന്നാലും മുങ്ങി പോകാത്ത രീതിയിലാണ് പുനരുദ്ധരിച്ചത്. എറണാകുളം ചെല്ലാനത്ത് മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്ന ദുരിതാവസ്ഥയ്ക്ക് പരിഹാരമായാണ് ടെട്രോപോഡ് കടൽഭിത്തി നിർമ്മിച്ചത്. പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണവും രണ്ടാം ഘട്ടത്തിന്റെ
ഉദ്ഘാടനവുമാണ് കഴിഞ്ഞ ദിവസം നിർവഹിച്ചത്. ഇത്തരത്തിൽ വലിയ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ സഹായിച്ചത് ഭരണ തുടർച്ചയാണ്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2021 ൽ അധികാരത്തിലേറിയ ശേഷം 100 പാലങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യം സർക്കാർ മൂന്നു വർഷത്തിൽ കൈവരിച്ചു. ഇപ്പോൾ പാലങ്ങളുടെ എണ്ണം 150 കടന്ന് 200 ലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തിന് ആവശ്യമായ പണം ഇല്ല എന്നതായിരുന്നു കേരളം നേരിട്ട പ്രശ്നം. ഇതിന് പരിഹാരമായാണ് 2016 ൽ സമാന്തര സാമ്പത്തിക സ്രോതസ്സായി കിഫ്ബി പുനരുദ്ധരിച്ചത്. 50,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ഉതകുന്ന പദ്ധതികൾ കിഫ്ബി ഏറ്റെടുക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, 2021 ആയതോടെ 62,000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുക്കാൻ കഴിഞ്ഞു. ഇപ്പോൾ അത് 1,10,000 കോടി രൂപയുടെ പദ്ധതികൾ ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരത്തിൽ മൊത്തത്തിലുള്ള വികസനം പല രൂപത്തിൽ നാടാകെ കാണുകയാണ്. 50 വർഷം കൊണ്ട് തീർക്കാൻ കഴിയുന്നത്ര വികസനപദ്ധതികൾ ഇക്കാലയളവിൽ പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. പ്രതിബദ്ധതയുള്ള ഒരു സർക്കാർ വന്നതുകൊണ്ടാണ് ഇതെല്ലാം സാധിച്ചത്. വികസനത്തിന്റെ സ്പർശമേൽക്കാത്ത ഒരു മേഖലയും കേരളത്തിൽ ഇല്ലെന്നും വികസനത്തിന്റെ സ്വാദ് അനുഭവിക്കാത്ത ഒരാളും നാട്ടിൽ ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. നാട്ടുകാരുടെ 62 വർഷത്തെ ചിരകാല അഭിലാഷമാണ് പൂർത്തീകരിച്ചതെന്നും നാട്ടുകാർക്ക് വാഗ്ദാനമായി നൽകിയ പാലം യഥാർഥ്യമാക്കിയതിൽ അതീവ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
13 കോടി രൂപ ചെലവിലാണ് പാലം പൂർത്തിയാക്കിയത്. എസ്റ്റേറ്റ് വാർഡിനെയും മുടവൻമുകൾ വാർഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് 26.9 മീറ്റർ നീളമാണുള്ളത്. 13 മീറ്ററാണ് ആകെ വീതി. കൗൺസിലർമാരായ വി ഗോപകുമാർ, എ ആർ അഭിലാഷ്, സംഘാടക സമിതി ചെയർപേഴ്സൺ എസ് ശിവപ്രസാദ്, കൺവീനർ വെട്ടിക്കുഴി ഷാജി, ഫാദർ എ ജി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഹൈജിൻ ആൽബർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.









