ടെക്സ്റ്റയിൽ കോർപ്പറേഷന്റെ രണ്ടാമത്തെ വിൽപ്പനശാല കോമളപുരം സ്പിന്നിംഗ് മിൽസിൽ ആരംഭിച്ചു

post

* കോട്ടൺ ബോർഡ് രൂപീകരണം മില്ലുകളെ ലാഭത്തിലേക്ക് നയിച്ചു: മന്ത്രി പി രാജീവ്


കോട്ടൺ ബോർഡ് രൂപീകരിച്ചതിലൂടെ 

ന്യായവിലയ്ക്ക് കോട്ടൺ സംഭരിച്ച് മില്ലുകൾക്ക് വിതരണം ചെയ്യാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിങ് മിൽസിൽ ആരംഭിച്ച വിൽപ്പനശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓൺലൈനായാണ് മന്ത്രി പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാനത്തെ ടെക്സ്റ്റൈൽ മേഖല ലാഭത്തിലായ നിർണായക കാലഘട്ടമാണ് പിന്നിട്ടതെന്നും കോട്ടൺ ബോർഡ് രൂപീകരിച്ചതാണ് ഈ നേട്ടത്തിന് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. അതുവഴി മില്ലുകൾക്ക് ലാഭകരമായി നൂൽ ഉത്പാദിപ്പിക്കാൻ സാധിക്കുന്നുണ്ട്. മുൻകാലങ്ങളിൽ പണം അനുവദിക്കുന്നത് വൈകിയതിനെ തുടർന്ന് സീസൺ കഴിഞ്ഞ് ഉയർന്ന വിലയ്ക്ക് കോട്ടൺ വാങ്ങേണ്ടി വന്നിരുന്നു. ഇതുമൂലം ഉത്പാദനത്തിന് അനുപാതികമായി നഷ്ടം വർധിക്കുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കോട്ടൺ ബോർഡിന്റെ ഇടപെടലിലൂടെ ആ സാഹചര്യം മാറി. ഈ സർക്കാരിൻ്റെ കാലയളവിൽ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ വൈവിധ്യവൽക്കരണത്തിലൂടെ പുതിയ മേഖലകളിലേക്ക് പ്രവേശിച്ചു. നൂൽ ഉത്പാദനത്തിനൊപ്പം കൂടുതൽ ലാഭകരമായ മേഖലയായ വസ്ത്ര നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

കൈത്തറിയും ഖാദിയും മുമ്പേ തന്നെ വസ്ത്രങ്ങൾ വിപണിയിൽ എത്തിച്ചിരുന്നു. അതേ മാതൃകയിൽ ടെക്സ്റ്റൈൽ കോർപ്പറേഷനും സ്വന്തം ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുകയാണ്. കോഴിക്കോട് ആരംഭിച്ച വിൽപ്പനശാലയ്ക്ക് പിന്നാലെ ഇപ്പോൾ കോമളപുരത്ത് സ്വന്തമായ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ഷോറൂം ഈ മേഖലയ്ക്ക് കൂടുതൽ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


കോമളപുരം സ്പിന്നിംഗ് മിൽസിൽ നടന്ന ചടങ്ങിൽ വിൽപ്പനശാലയുടെ ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊതുമേഖലയില സ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറുന്ന പ്രവണത ശക്തമായിരിക്കെ സ്വകാര്യ മേഖലയിലെ ഒരു സ്ഥാപനം ഏറ്റെടുത്ത് സർക്കാരിന്റെ കീഴിലുള്ള കോർപ്പറേഷന്റെ ഭാഗമാക്കി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന കേരളത്തിന്റെ മാതൃക ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ സ്ഥാപനമായിരുന്ന കോമളപുരം സ്പിന്നിംഗ് മിൽ സർക്കാർ നിയന്ത്രണത്തിലേക്ക് വന്നപ്പോൾ നിലനിൽപ്പിനെക്കുറിച്ച് വലിയ ആശങ്കകളും ചർച്ചകളും ഉയർന്നിരുന്നു. എന്നാൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കോമളപുരം സ്പിന്നിംഗ് മിൽ ഇന്ന് മുന്നേറുകയാണ്. വ്യവസായ വകുപ്പിന്റെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും ഇടപെടലുകളും കേരളത്തിലേക്ക് പുതിയ വ്യവസായങ്ങൾ കടന്നുവരുന്നതിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് നയിക്കുന്നതിനും വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


തുടർന്ന് കോമളപുരം സ്പിന്നിംഗ് മില്ലിൽ ആരംഭിക്കുന്ന പെട്രോൾ പമ്പിനുള്ള ഡീലർഷിപ്പ് എഗ്രിമെൻ്റ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ഒപ്പുവെച്ചു. ടെക്സ്റ്റൈൽസ് മേഖലയിൽ തൊഴിലാളി ശ്രേഷ്ഠ അവാർഡ് നേടിയ തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. 

പരിപാടിയിൽ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ചെയർമാൻ സി ആർ വത്സൻ അധ്യക്ഷനായി. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഫ് ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തി. എസ് ബി ഐ അവലൂക്കുന്ന് ബ്രാഞ്ച് മാനേജർ ടെഡി സാജൻ ആദ്യ വില്പന നിർവഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ഒ ശ്രീദേവി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി അജയകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുധർമ്മ രാജേന്ദ്രൻ, കെ എസ് ടി സി മാനേജിങ് ഡയറക്ടർ സുകുമാർ അരുണാചലം, കെ എസ് ടി സി ഡയറക്ടർ ബോർഡ് അംഗങ്ങൾ, തൊഴിലാളി സംഘടന നേതാക്കൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.