എല്ലാവർക്കും ആരോഗ്യം; കമ്മ്യൂണിറ്റി സ്പോർട്സ് നടപ്പിലാക്കും- മുഖ്യമന്ത്രി

post

* തൃക്കരിപ്പൂർ നടക്കാവിൽ അത്യാധുനിക മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

  


എല്ലാവർക്കും ആരോഗ്യം എന്ന ആശയം മുൻനിർത്തി കായിക നയം അംഗീകരിച്ച സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാനത്ത് കമ്മ്യൂണിറ്റി സ്പോർട്സ് നടപ്പിലാക്കുമെന്നും

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃക്കരിപ്പൂർ നടക്കാവിൽ ജില്ലാ മൾട്ടിപർപ്പസ് സ്റ്റേഡിയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന ലക്ഷ്യത്തിനപ്പുറം ഓരോ വാർഡുകളിലും കളിക്കളങ്ങൾ എന്ന ആശയവുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. നമ്മുടെ നാട്ടിൽ വിവിധങ്ങളായ ജീവിതശൈലി രോഗങ്ങൾ കൊണ്ട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവർക്കും കായിക വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതുണ്ട്. നമുക്ക് ശക്തമായ ഒരു കായിക സംസ്കാരം ആവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതത്തിൽ നല്ലൊരു ശതമാനം കായിക മേഖലയ്ക്കായി മാറ്റിവെച്ചത് അതുകൊണ്ടാണ്. കമ്മ്യൂണിറ്റി സ്പോർട്സ് എന്ന ആശയം കൂടുതൽ വ്യാപിപ്പിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


വിദ്യാർത്ഥികൾക്ക് കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്. എന്നാൽ കോളേജ് കാലഘട്ടത്തിലേക്ക് കടക്കുമ്പോൾ കായിക മേഖലയിൽ സജീവമാകാനുള്ള സാഹചര്യം ഉണ്ടാകുന്നില്ല. തൊഴിലിടങ്ങളിലേക്ക് കടക്കുന്നവർ ദിവസത്തിൽ അരമണിക്കൂറെങ്കിലും ലഘു വ്യായാമങ്ങൾക്കായി കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ

മുഴുവൻ ആളുകൾക്കും ചെറു വ്യായാമങ്ങൾ ചെയ്യുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിലുള്ള കളിക്കളങ്ങൾ നാടിൻറെ പൊതുവായ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിനിയോഗിച്ചത്. കായിക ഉച്ചകോടിയിലൂടെ 5050 കോടിയുടെ നിക്ഷേപം കണ്ടെത്തി സ്പോർട്സ് ഇക്കണോമി രൂപീകരിക്കാൻ സാധിച്ചു.


കാസർകോടിന്റെ കായിക മുന്നേറ്റത്തിനും രാജ്യവും ലോകവും ഒറ്റുനോക്കുന്ന മികച്ച കായികതാരങ്ങളെ വാർത്തെടുക്കുന്നതിനും ഈ ആധുനിക സ്റ്റേഡിയം ഉപകരിക്കും. വിവിധ ഫണ്ടുകൾ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചത്. കായിക വകുപ്പ് എം.പി ഫണ്ട് എം.എൽ.

എ ഫണ്ട് പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് തുടങ്ങിയ നാടിൻറെ പൊതുവായ ആവശ്യത്തിനായി ഉപയോഗിക്കുകയായിരുന്നു.


കായിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് വായനശാലകളും ക്ലബ്ബുകളും മികച്ച സംഭാവനകൾ നൽകിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

----

കായിക ഭവനിൽ പ്ലാനിങ് ആൻഡ് റിസർച്ച് വിഭാഗം ആരംഭിക്കും: മന്ത്രി വി. അബ്ദുറഹിമാൻ


സംസ്ഥാനത്ത് കായിക മേഖലയുടെ ശാസ്ത്രീയമായ വളർച്ച ലക്ഷ്യമിട്ട് കായിക വകുപ്പിന് കീഴിൽ രാജ്യത്ത് ആദ്യമായി പ്ലാനിങ് ആൻഡ് റിസർച്ച് വിഭാഗം ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. കുട്ടികളുടെ കായിക കഴിവുകൾ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 


കാസർകോട് ജില്ലാ മൾട്ടി പർപ്പസ് സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 10 വർഷത്തിനിടയിൽ കായിക മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യ വികസനമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ജില്ലാ സ്റ്റേഡിയങ്ങൾ പൂർത്തിയാക്കും. നിർമ്മാണം പൂർത്തീകരിച്ച നാല് സ്റ്റേഡിയങ്ങളിൽ രണ്ടാമത്തെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനമാണ് കാസർകോട് നടന്നത്. സംസ്ഥാനത്താകെ 300 കളിക്കളങ്ങളും 32 കായിക സമുച്ചയങ്ങളും നിർമ്മിച്ചു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമ്മിച്ചു നൽകും. പദ്ധതി പ്രകാരം ഇനി 162 ഗ്രാമപഞ്ചായത്തുകളിൽ കൂടി നിർമ്മാണം പൂർത്തിയായാൽ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


2016-ൽ രണ്ട് സിന്തറ്റിക് സ്റ്റേഡിയങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 24 ആയി വർദ്ധിച്ചു. ആറെണ്ണത്തിന്റെ പണികൾ പുരോഗമിക്കുന്നു. ഇതിലൂടെ മുഴുവൻ ജില്ലകളിലും സിന്തറ്റിക് ട്രാക്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി. കൂടാതെ 25 ഹൈടെക്ക് ഫിറ്റ്നസ് സെന്ററുകളും വിദ്യാലയങ്ങളിൽ 100 ജിമ്മുകളും 30 ഓപ്പൺ ജിമ്മുകളും സ്ഥാപിക്കാൻ സാധിച്ചതായും മന്ത്രി വ്യക്തമാക്കി.


രാജ്യത്ത് ആദ്യമായി കായിക ഉച്ചകോടി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 5050 കോടി രൂപയുടെ നിക്ഷേപമാണ് അതിലൂടെ കേരളത്തിലുണ്ടായത്. കായിക നയത്തിന്റെ ഭാഗമായി കൗൺസിലുകൾ ജനാധിപത്യ രീതിയിൽ വിപുലീകരിച്ചു. സംസ്ഥാനത്ത് 830 സ്പോർട്സ് കൗൺസിലുകൾ പ്രവർത്തിക്കുന്നു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പാഠ്യപദ്ധതിയിൽ സ്പോർട്സ് ഉൾപ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.