സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഇടുക്കി ജില്ലാ ഓഫീസ് തുറന്നു
അപേക്ഷിക്കുന്ന എല്ലാ ഭിന്നശേഷിക്കാർക്കും മുചക്രസ്കൂട്ടർ ലഭ്യമാക്കുന്ന പദ്ധതി ഉടൻ: മന്ത്രി ആർ. ബിന്ദു
സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഇടുക്കി ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ഓൺലൈനായി നിർവഹിച്ചു. അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാർക്കും മുചക്ര സ്കൂട്ടർ ലഭ്യമാക്കുന്ന ബൃഹത്പദ്ധതി ഉടൻ സാക്ഷാത്കരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സർക്കാർ 23.85 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശുഭയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി അപേക്ഷിക്കുന്ന എല്ലാവർക്കും മുചക്ര സ്കൂട്ടർ, ഇലക്ട്രോണിക്ക് വീൽചെയർ എന്നിവ ലഭ്യമാകുന്നതോടെ ചലനപരിമിതി എന്ന പ്രയാസത്തെ മറികടക്കാൻ കഴിയും.
ഭിന്നശേഷിക്കാരുടെ ശാക്തീകരണവും പുനരധിവാസത്തിനുമായി ഒട്ടനവധി പദ്ധതികൾ സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ നടപ്പാക്കുന്നുണ്ട്. ശാരീരിക പരിമിതികളെ അതിജീവിച്ച് ചലനശേഷിക്ക് സഹായകരമാകുന്ന ഇലക്ട്രോണിക്ക് വീൽ ചെയറുകൾ, മുചക്ര സ്കൂട്ടറുകൾ,കൃത്രിമ അവയവങ്ങൾ എന്നിവ വിതരണം ചെയ്യുന്ന പദ്ധതികൾ, വിദ്യാർഥികളുടെ പഠനസഹായത്തിനും സ്കിൽ എൻഹാസ്മെന്റിനുമുള്ള പദ്ധതി, ഫിക്സഡ് ഡിപ്പോസിറ്റ് നൽകുന്ന ഹസ്തദാനം പദ്ധതി തുടങ്ങിയവ ഇതിലുൾപ്പെടുന്നുണ്ട്.

കോർപ്പറേഷൻ മുഖേന ഏഴ് ശതമാനം പലിശയിൽ ഭവനവായ്പ നൽകുന്ന മെറി ഹോം പദ്ധതി പ്രകാരം മുന്നൂറോളം പേർക്ക് സൗകര്യപ്രദമായ പാർപ്പിടങ്ങൾ ലഭ്യമായി. ഭിന്നശേഷിക്കാർക്ക് വരുമാനദായകമായ സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിന് വായ്പ നൽകുന്ന ആശ്വാസം പദ്ധതി നടപ്പിലാക്കി വരുന്നു.
ഇന്ത്യയ്ക്ക് അകത്തും പുറത്തും പഠിക്കുന്നതിന് വേണ്ടി നാല് ശതമാനം പലിശനിരക്കിൽ 50 ലക്ഷം രൂപ വരെ പഠനസഹായം ലഭ്യമാക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി സുശക്തി എന്ന സ്വയം സഹായ നെറ്റ്വർക്ക് ഉടൻ നിലവിൽ വരും. ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നേതൃപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇങ്ങനെ വിവിധ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും സൗകര്യപ്രദമായ ഓഫീസുകൾ എല്ലാ ജില്ലയിലും സ്ഥാപിക്കുന്നതിന് വലിയ ഇടപെടലുകൾ സർക്കാർ നടത്തിയിട്ടുണ്ട്. ആ ഇടപെടലുകളുടെ ഭാഗമായാണ് ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ ഇടുക്കിയിൽ ഓഫീസ് തുറന്നത്. ഇടം എന്ന പേരിൽ ബങ്കുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയുടെ പ്രൊപ്പോസൽ സജീവതയോടെ മുന്നോട്ടു കൊണ്ട് പോകുന്നു.
സംസ്ഥാനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് വലിയ ഇടപെടലുകളാണ് സർക്കാർ നടത്തിയിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് ഒറ്റപ്പെട്ടു നിൽക്കേണ്ട സാഹചര്യമില്ല. സാമൂഹ്യനീതിയുടെ ചരിത്രത്തിൽ ഒരു പുതിയ ദിനമാണ് ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഇടുക്കിയിൽ ഓഫീസ് തുറന്നതിലൂടെ പിറന്നതെന്നും ജില്ലയിൽ ഭിന്നശേഷി സമൂഹത്തിനായി ഏറെ സ്കീമുകൾ ആവിഷ്കരിച്ച് നടപ്പാക്കാൻ കോർപ്പറേഷന് കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോർപ്പറേഷന്റെ ഓഫീസ് ശിലാസ്ഥാപന അനാച്ഛാദനവും സഹായ ഉപകരണ ക്ഷേമ പദ്ധതി ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ ഡോ, ദിനേശൻ ചെറുവാട്ട്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാളി എം.വി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംനാദ് വി. എ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ അനിത ദീപ്തി, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, ഭിന്നശേഷി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.









