ജാപ്പനീസ്-4 ലെവൽ ഭാഷ പഠിച്ചു വരൂ; ജപ്പാനിൽ കൈനിറയെ അവസരങ്ങൾ: നസീ മേലേത്തിൽ
ജാപ്പനീസ്-4 ലെവൽ ഭാഷ പഠിച്ചു ജപ്പാനിലേക്ക് വരൂ...അവിടെ അവസരങ്ങൾ നിറയെയാണ് എന്ന് പറയുന്നു 19 വർഷമായി ജപ്പാനിൽ ജീവിക്കുന്ന മലപ്പുറം മഞ്ചേരി ഒടോമ്പറ്റ സ്വദേശി നസീ മേലേത്തിൽ.
ജപ്പാനിൽ ഐടി മാനേജ്മെന്റ് രംഗത്ത് ജോലി ചെയ്യുന്ന നസീ ലോകകേരള സഭയിൽ പങ്കെടുക്കാൻ എത്തിയതാണ്. 'ബ്ലൂ കോളർ ജോലികൾ ഉൾപ്പെടെ ചെയ്യാവുന്ന പുതിയ തരം വിസ 2018 ൽ ജപ്പാൻ അനുവദിച്ചിട്ടുണ്ട്. ഈ വിസയിൽ ഇപ്പോൾ ധാരാളം ആളുകളെ വേണം. ഈ അവസരം മലയാളികൾക്ക് പ്രയോജനപ്പെടുത്താം. വിസ ലഭിക്കാൻ ജാപ്പനീസ്-4 ലെവൽ ഭാഷ പഠിക്കണം. കെയർ ഗിവിങ്, കാർഷികമേഖല, നിർമാണം, ഫാക്ടറി എന്നീ രംഗങ്ങളിലാണ് ജപ്പാന് തൊഴിലാളികളെ വേണ്ടത്. അവിടെ കാർഷിക രംഗമൊക്കെ മുഴുവൻ യന്ത്രവത്കൃതമാണ്,' അവർ പറഞ്ഞു.
2007 ൽ വിവാഹശേഷമാണ് ഭർത്താവിന്റെ ജോലിസ്ഥലമായ ജപ്പാനിലെ ടോക്യോയിൽ നസീ എത്തുന്നത്. ആ സമയം ടോക്യോയിൽ ആകെ 50 ഓളം മലയാളികളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കൂടി. പക്ഷെ, പലരും ട്രാവൽ ഏജൻസികളുടെ തട്ടിപ്പിന് ഇരയാകുന്നുണ്ട്. അത് തടയാൻ നോർക്കയും ജപ്പാനിലെ സർക്കാർ ഏജൻസിയായ ജൈക്ക പോലുള്ള സംഘടനകളും നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടതുണ്ട്. അഞ്ചു വർഷത്തെ വിസയാണ് ജപ്പാൻ നിലവിൽ നൽകുന്നത്. ഇത് പൂർത്തിയാക്കുകയും ആ കാലയളവിൽ നൈപുണി രംഗത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്ന വിദേശികൾക്ക് പെർമനന്റ് റെസിഡൻസി വിസ ഉൾപ്പെടെ ലഭിക്കും.
മലയാളം മീഡിയത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നാണ് നസീ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒടോമ്പറ്റ എൽ പി സ്‌കൂൾ, ചെമ്പ്രശ്ശേരി യു പി സ്‌കൂൾ, പാണ്ടിക്കാട് ഹൈസ്‌കൂൾ, എംഇഎസ് മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ നസീ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണൂരിൽ നിന്നും ബി ടെകും പൂർത്തിയാക്കി. ഇതിനുശേഷം ബംഗ്ലൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്തുവരവെയായിരുന്നു വിവാഹം. നിലവിൽ ടോക്യോവിൽ ടൊയോട്ട നിർമിക്കുന്ന സിറ്റി പ്രോജക്റ്റിൽ സ്ട്രാറ്റജിക് പ്രോഗ്രാം മാനേജ്‌മെന്റ് ഹെഡ് ആണ്.









