ദേശീയ ഗവേഷണ കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്സ്പോയും ഫെബ്രുവരി 9 മുതൽ
സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ഗവേഷണ കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്സ്പോയും ഫെബ്രുവരി 9 മുതൽ 11 വരെ തിരുവനന്തപുരം വഴുതക്കാട് ഗവ. വുമൺസ് കോളേജിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലകളിൽ കൈവരിച്ച വിപ്ലവകരമായ പുരോഗതിയും ആധുനികവൽക്കരണവും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് മൂന്നു ദിവസത്തെ സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ, ധനസഹായ സംവിധാനങ്ങൾ, അക്കാദമിക് ഔട്ട്പുട്ട് എന്നിവയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതോടൊപ്പം പ്രമുഖ അക്കാദമിക് വിദഗ്ധരെയും ഗവേഷകരെയും ഒരു പ്ലാറ്റ്ഫോമിൽ എത്തിക്കാനും പരിപാടി വിഭാവനം ചെയ്യുന്നു.
ഫെബ്രുവരി ഒൻപതിന് പ്രീ-കോൺഫറൻസ് സെമിനാറുകളോടെയും തുടർന്ന് എക്സ്പോയുടെ ഉദ്ഘാടനത്തോടെയും പരിപാടികൾക്ക് തുടക്കമാകും. രണ്ടാം ദിവസം പത്ത് സമാന്തര വേദികളിലായി വിവിധ വിഷയങ്ങളിൽ ഗവേഷണ സെമിനാറുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കും. മൂന്നാം ദിവസം നടക്കുന്ന 'റീബിൽഡ് കേരള' ഗവേഷണ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ഗവേഷകർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്യും. ഗവേഷണ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മികച്ച പോസ്റ്ററുകൾക്കും പ്രബന്ധങ്ങൾക്കും പ്രത്യേക പുരസ്കാരങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു.
പ്രൊഫ. പി. ബാലറാം (മുൻ ഡയറക്ടർ, ഐ.ഐ.എസ്.സി ബാംഗ്ലൂർ), പ്രൊഫ. എം.ആർ.എൻ. മൂർത്തി (മുൻ പ്രൊഫസർ, ഐ.ഐ.എസ്.സി ബാംഗ്ലൂർ), പ്രൊഫ. സി.പി. ചന്ദ്രശേഖർ (എമിരറ്റസ് പ്രൊഫസർ, ജെ.എൻ.യു ന്യൂഡൽഹി), പ്രൊഫ. രംഗനാഥ് അന്നഗൗഡ (മുൻ ഡയറക്ടർ, നാക് - NAAC), പ്രൊഫ. ശരത് അനന്തമൂർത്തി (വൈസ് ചാൻസലർ, കുവെമ്പു സർവ്വകലാശാല), പ്രൊഫ. പ്രഭാത് പട്നായിക് (പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ, ജെ.എൻ.യു) തുടങ്ങി നിരവധി പ്രമുഖർ മൂന്ന് ദിവസമായി നടക്കുന്ന സെമിനാറിൽ വിവിധ സെഷനുകളിൽ പങ്കെടുക്കും.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകമെമ്പാടുമുള്ള പ്രവാസി പണ്ഡിതരുമായി ബന്ധിപ്പിക്കുന്ന വിപ്ലവകരമായ 'സ്കോളർ കണക്ട്' (Scholar Connect) ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം സെമിനാറിനോടനുബന്ധിച്ച് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവേഷണം നടത്തുന്ന പ്രവാസി പണ്ഡിതരുടെ അറിവും അനുഭവസമ്പത്തും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പ്രൊഫ. അജയൻ വിനു - യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസിൽ, ഓസ്ട്രേലിയ, ഡോ. സക്കറിയ മാത്യു - യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ ഫ്ലിന്റ്, യു.എസ്.എ., പ്രൊഫ മോഹൻ ജേക്കബ് - ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ, പ്രൊഫ വിനോദ് നമ്പൂതിരി - ലെഹൈ യൂണിവേഴ്സിറ്റി, യു.എസ്.എ., ശാരദ ബാലചന്ദ്രൻ നായർ സുമദേവി - ആർ.ഐ.കെ.ഇ.എൻ, ജപ്പാൻ., ഡോ. ദീപക് പത്മനാഭൻ - ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റ്, യുകെ തുടങ്ങിയ ലോകോത്തര സർവ്വകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രമുഖർ നേരിട്ടും ഓൺലൈനായും സെമിനാറിൽ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും, അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ഗവേഷണ മാതൃകകൾ കേരളത്തിൽ നടപ്പിലാക്കുന്നതിനും 'സ്കോളർ കണക്ട്' അവസരമൊരുക്കും.
നിലവിൽ സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളേജുകളിലായി 3,733 റിസർച്ച് ഗൈഡുമാരും സർവകലാശാലകളിൽ 640 പേരും പ്രവർത്തിക്കുന്നുണ്ട്, ഇത് കേരളത്തിന്റെ വിപുലമായ ഗവേഷണ അടിത്തറയെയാണ് സൂചിപ്പിക്കുന്നത്. ഗവേഷണ സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കിഫ്ബി (KIIFB), റൂസ (RUSA), സ്റ്റേറ്റ് പ്ലാൻ ഫണ്ടുകൾ എന്നിവ വഴി ലബോറട്ടറികളും ലൈബ്രറികളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിനും 30 കോടി രൂപ വീതം അനുവദിച്ചുകൊണ്ട് സർവകലാശാലകളിൽ പ്രഖ്യാപിച്ച 30 മികവിന്റെ കേന്ദ്രങ്ങളിൽ ഏഴെണ്ണം ഇതിനോടകം പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. അതിലൊന്നാണ് കേരള നെറ്റ് വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യുക്കേഷൻ. ഇൻഫ്രാസ്ട്രക്ചർ ഷെയർ ചെയ്യുക. റിസർച്ച് ഗ്രാന്റ്, ഫെല്ലോഷിപ്പുകൾ എന്നിവയെക്കുറിച്ച് വിവരം നൽകുക, ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കാനും പേറ്റന്റ് നേടാനുമാവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുക തുടങ്ങിയവയാണ് ഈ കേന്ദ്രത്തിന്റെ മുഖ്യലക്ഷ്യം. കൂടാതെ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിലുള്ള 10 കേന്ദ്രങ്ങളും ഗവേഷണ രംഗത്ത് സജീവമാണ്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പുകളിൽ ഒന്നായ മുഖ്യമന്ത്രിയുടെ 'നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്' വഴി 10 മേഖലകളിലായി 175-ഓളം യുവ ഗവേഷകർക്ക് മികച്ച അവസരങ്ങൾ നൽകാൻ കഴിഞ്ഞു. ഈ ഇടപെടലുകളുടെ ഫലമായി 500-ലധികം ഉന്നത നിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങൾ സംസ്ഥാനത്തെ ഗവേഷകർ പ്രസിദ്ധീകരിച്ചത് കേരളത്തിന്റെ അക്കാദമിക് മികവിന്റെ തെളിവാണ്.
ഈ അധ്യയന വർഷം മുതൽ നിലവിൽ വന്ന മുഖ്യമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ്, മറ്റ് സാമ്പത്തിക സഹായങ്ങൾ ലഭിക്കാത്ത ഗവേഷകർക്ക് മാസാമാസം ധനസഹായം ഉറപ്പാക്കുന്ന പദ്ധതിയാണ്. ഇത് അർഹരായ എല്ലാ ഗവേഷകർക്കും വലിയ കൈത്താങ്ങായി മാറും. സംസ്ഥാനത്ത് നടപ്പിലാക്കിയ നാല് വർഷ ബിരുദ പ്രോഗ്രാമിലെ 'ഓണേഴ്സ് വിത്ത് റിസർച്ച്' എന്ന സവിശേഷമായ പാതയിലൂടെ, ബിരുദതലത്തിൽ തന്നെ വിദ്യാർത്ഥികളെ ഗവേഷണ മേഖലയുമായി ബന്ധിപ്പിക്കുന്നു. ഇത് വിദ്യാർത്ഥികളിൽ തുടക്കം മുതലേ ഗവേഷണാഭിരുചി വളർത്താനും ഭാവിയിൽ കേരളത്തിന്റെ ഗവേഷണ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കും.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കരുത്തും നേട്ടങ്ങളും വിളിച്ചോതുന്ന രീതിയിലാണ് ദേശീയ ഗവേഷണ കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്സ്പോയും വിഭാവനം ചെയ്തിരിക്കുന്നത്. എക്സ്പോയുടെ ഭാഗമായി സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും കഴിഞ്ഞ പത്ത് വർഷത്തെ തങ്ങളുടെ നേട്ടങ്ങളും നൂതന കണ്ടുപിടുത്തങ്ങളും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. മികച്ച രീതിയിൽ തയ്യാറാക്കിയ എക്സിബിഷൻ സ്റ്റാളുകൾക്ക് പ്രത്യേക അഭിനന്ദന അവാർഡുകൾ നൽകും. കേരളത്തിലെ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള അധ്യാപകരുടെയും ഗവേഷണ വിദ്യാർത്ഥികളുടെയും വൻ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ സമ്മേളനം, കേരളത്തെ ഒരു വിജ്ഞാന സമൂഹമായി മാറ്റുന്നതിലെ നിർണ്ണായക നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.









