സീബ്രാലൈനിൽ നിയമലംഘനം വേണ്ട; 'മോട്ടു' വിന്റെ തട്ടു കിട്ടും

post

വാഹനയാത്രികരെ, കാൽനടക്കാരെ പരിഗണിക്കണം. കാൽനട യാത്രികർക്കുള്ള സീബ്രാ ക്രോസിംഗിൽ സിഗ്‌നൽ അവഗണിച്ച് നിയമലംഘനം നടത്തുന്നവർക്ക് 'മോട്ടു 'വിന്റെ ഗദയുടെ തട്ടുകിട്ടും. കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ മോട്ടു എന്ന ആനക്കുട്ടി റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളിൽ സജീവ സാന്നിധ്യമായി മാറുന്നു. ആദ്യഘട്ടമായി കാൽനട യാത്രികരുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ബോധവത്ക്കരണം.

ദേശീയ റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം പഴവങ്ങാടി ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിൽ മോട്ടു ബോധവൽക്കരണ പരിപാടിയുമായി ഇറങ്ങി ജനശ്രദ്ധ നേടിയത്. പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് സ്‌നേഹശാസനം നല്കിയ മോട്ടു , മാതൃകാപരമായി ഡ്രൈവിംഗ് കാഴ്ചവച്ച ആളുകൾക്ക് മധുരം നല്കാനും മറന്നില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോട്ടുവിന്റെ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ അരങ്ങേറും. റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ രസകരവും കാര്യക്ഷമവും ആക്കുന്നതിന് മോട്ടുവിന്റെ സാന്നിധ്യം പ്രയോജനപ്രദമാകും.


ഒരു കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപഭാവങ്ങളോടെ സ്‌കൂൾ കുട്ടികൾക്കിടയിൽ ഉൾപ്പെടെ റോഡ് സുരക്ഷാപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ മോട്ടുവിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മോട്ടുവിന്റെ പ്രാരംഭ മുന്നറിയിപ്പിന് ശേഷവും നിയമലംഘനം ആവർത്തിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.