മലയാളശ്രീ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
കേരള സംസ്ഥാന സാക്ഷരതാ മിഷൻ കേരളത്തിലെ ഓറിയന്റൽ സ്‌കൂളുകളുമായി ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ് സി ഇ ആർ ടിയുടെയും സഹായത്തോടെ നടപ്പാക്കുന്ന 'മലയാളശ്രീ' ഓറിയന്റൽ സ്‌കൂൾ ഭാഷാ പഠനപദ്ധതിയ്ക്ക് തുടക്കമായി. തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഭരണഘടന മാറ്റിമറിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ നിലവിലെ വിദ്യാഭ്യാസചട്ടങ്ങൾ കാലാനുസൃതമായി മാറ്റേണ്ടത് അനിവാര്യതയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഓറിയന്റൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആവശ്യവും അഭിലാഷവുമാണ് മലയാളശ്രീയിലൂടെ സാധ്യമാകുന്നത്. അനൗപചാരിക വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ തുറന്നുകൊണ്ട് സാക്ഷരതാ മിഷൻ ഓറിയന്റൽ സ്‌കൂളുകളുമായി ചേർന്ന് നടത്തുന്ന ഈ സംരംഭം ഏറെ പ്രശംസ അർഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മലയാളശ്രീ പാഠപുസ്തകം മന്ത്രി സമ്മാനിച്ചു.
കെ ടി ജലീൽ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, പരീക്ഷാഭവൻ സെക്രട്ടറി സന്തോഷ്‌കുമാർ, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ കെ, എസ് ആർ കെ ഡയറക്ടർ ഡോ.സുപ്രിയ എ ആർ, വിദ്യാകിരണം സംസ്ഥാന കോ-ഓർഡിനേറ്റർ സി ആർ രാമകൃഷ്ണൻ, എസ് ആർ സി ഡയറക്ടർ ഡോ. പി പ്രമോദ്, സാക്ഷരതാ മിഷൻ ഡയറക്ടർ ഒലീന എ ജി, മറ്റ് ഓറിയന്റൽ സ്‌കൂൾ പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.









