ജെ.ബി കോശി കമ്മീഷൻ: ഫെബ്രുവരി 6ന് യോഗം

post

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ആലോചിക്കുന്നതിനും തീരുമാനിക്കുന്നതിനുമായി ഫെബ്രുവരി ആറിന് ബന്ധപ്പെട്ടവരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കും.

കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാ ജനകമായ വാർത്തകൾ പുറത്തു വരുന്നുണ്ട്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയതിലെ പുരോഗതി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപശുപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചത്. 17 വകുപ്പുകൾ പൂർണമായി ശുപാർശ നടപ്പിലാക്കുകയും 220 ശിപാർശകളിലും ഉപശുപാർശകളിലും നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

ഏഴ് ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിക്കുന്നതിന് അതത് വകുപ്പുകൾ നടപടി സ്വീകരിച്ചു വരുന്നു. നിലവിലെ നിയമങ്ങൾക്ക് വിധേയമായി പരിഗണിക്കാൻ കഴിയുന്ന വിഷയങ്ങളിൽ വേഗത്തിൽ നടപടി പൂർത്തികരിച്ചിട്ടുണ്ട്. നടപടി പൂർത്തിയാക്കാൻ ശേഷിക്കുന്ന ശുപാർശകൾ നിലവിൽ പ്രാബല്യത്തിലുള്ള കേന്ദ്രസംസ്ഥാന നിയമങ്ങൾ / ചട്ടങ്ങൾ, കോടതിയുത്തരവുകൾ എന്നിവയിൽ മാറ്റം വരുത്തിയാലോ മറ്റു വകുപ്പുകളിൽ നിന്ന് സമ്മതപത്രം ലഭ്യമാക്കിയാലോ മാത്രമേ നടപ്പിലാക്കാൻ സാധിക്കു. മറ്റ് വകുപ്പുകളുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.