ഹരിവരാസനം പുരസ്‌കാരം തിരുവിഴ ജയശങ്കറിന്
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാനായ തിരുവിഴ ജയശങ്കറിന്. നാഗസ്വരം ജനകീയമാക്കുന്നതിനും അതുവഴി ഭക്തിഗാന ശാഖയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അയ്യപ്പ ഭക്തിഗാനങ്ങൾ ഉപകരണ സംഗീത രൂപത്തിൽ (നാഗസ്വര വാദനം) പുറത്തിറക്കിയ ആൽബങ്ങളിൽ തിരുവിഴ ജയശങ്കറിന്റെ പങ്ക് വലുതാണ്. പ്രശസ്തമായ അയ്യപ്പ കീർത്തനങ്ങളുടെയും ശരണമന്ത്രങ്ങളുടെയും നാഗസ്വരത്തിലുള്ള ആവിഷ്‌കാരം അദ്ദേഹം നൽകി. അയ്യപ്പ ഭക്തിഗാനങ്ങളിൽ, ക്ഷേത്രോത്സവത്തിന്റെയോ, ശബരിമല യാത്രയുടെയോ അന്തരീക്ഷം നൽകാൻ അദ്ദേഹത്തിന്റെ നാഗസ്വര വാദനം വളരെയധികം സഹായിച്ചിട്ടുണ്ട്.
'ഹരിവരാസനം', 'പമ്പാനദിയുടെ തീരം' തുടങ്ങിയ പ്രശസ്ത ഗാനങ്ങൾക്ക് ഉപകരണ സംഗീതത്തിൽ ദിവ്യമായ ഭാവം നൽകാൻ അദ്ദേഹത്തിനായി. മുഖ്യധാര കർണാടക സംഗീതത്തിൽ നിലയുറപ്പിച്ചുകൊണ്ട് ആ നാദമാധുര്യത്തിലൂടെ അയ്യപ്പഭക്തിയുടെ പുണ്യഭാവം പകരാനും അതിലൂടെ നാഗസ്വര സംഗീതത്തെ സാധാരണ ഭക്തരിലേക്ക് കൂടുതൽ അടുപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
റവന്യു (ദേവസ്വം) സെക്രട്ടറി എം.ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി. സുനിൽകുമാർ, സ്വാതിതിരുനാൾ സംഗീത കോളേജ് റിട്ട. പ്രൊഫ. പാൽകുളങ്ങള കെ. അംബികാദേവി എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സർവമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് 2012 മുതലാണ് സംസ്ഥാന സർക്കാർ 'ഹരിവരാസനം പുരസ്‌കാരം' നൽകി വരുന്നത്.









