കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വായനയുടെ മഹാമേളയ്ക്ക് ജനുവരി ഏഴിന് തിരിതെളിയും

post

അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വിപുലമായ ലോകം തുറന്നുകൊണ്ട് നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (KLIBF 2026) ജനുവരി ഏഴിന് (ജനുവരി 7) തുടക്കമാകും. ജനുവരി 7 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന വായനയുടെ മഹാമേള ബുധനാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ. എൻ. ഷംസീർ അദ്ധ്യക്ഷത വഹിക്കും. ആധുനിക മലയാള സാഹിത്യത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ എൻ.എസ്. മാധവന് ഈ വർഷത്തെ നിയമസഭാ പുരസ്‌കാരം ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കുന്ന പരിപാടിയിൽ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ ചെയർപേഴ്‌സൺ ഡോ. ക്രിസ്റ്റഫർ കെ. കലില (സാംബിയ) മുഖ്യപ്രഭാഷണം നടത്തും. 2025ലെ അന്താരാഷ്ട്ര ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖ് ചടങ്ങിൽ മുഖ്യാതിഥിയാകും. മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സാഹിത്യകാരൻ ടി. പത്മനാഭൻ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ പങ്കെടുക്കും. നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തും.

പുസ്തക സ്റ്റാളുകളുടെ ഉദ്ഘാടനം രാവിലെ 9.30ന് സ്പീക്കർ എ. എൻ. ഷംസീറും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് നിർവ്വഹിക്കും. ഉച്ചയ്ക്ക് 12ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് ഉദ്ഘാടനം ചെയ്യും.

വൈവിധ്യമാർന്ന ചർച്ചകളും സംവാദങ്ങളുമാണ് പുസ്തകോത്സവത്തിന്റെ ആദ്യദിനം ഒരുക്കിയിരിക്കുന്നത്. 12.30ന് നടക്കുന്ന 'KLIBF ടോക്കിൽ' ഡോ. ടി. എം. കൃഷ്ണ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് 'നേതാക്കൾ സാഹിത്യം വായിക്കുമ്പോൾ' എന്ന വിഷയത്തിൽ മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും സംവദിക്കും. വൈകിട്ട് 4ന് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന 'സഭയിലെ കാൽ നൂറ്റാണ്ട്' എന്ന പാനൽ ചർച്ചയിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ എന്നിവരടക്കം സഭയിലെ മുതിർന്ന അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. ബുക്കർ പുരസ്‌കാര ജേതാവ് ബാനു മുഷ്താഖും പ്രിയ കെ. നായരും തമ്മിലുള്ള സംവാദവും ഉച്ചയ്ക്ക് 2.45 ന് നടക്കും.

കുട്ടികൾക്കായി പ്രത്യേക സ്റ്റുഡന്റ്‌സ് കോർണറും മാതൃകാ നിയമസഭയും പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്റ്റുഡന്റസ് കോർണറിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് ഡെപ്യൂട്ടി സ്പീക്കർ നിർവ്വഹിക്കും. യൂണിസെഫ് പ്രോഗ്രാമിന് പുറമെ സമുദ്രയാത്രയിലൂടെ ശ്രദ്ധേയരായ ലെഫ്റ്റനന്റ് കമാൻഡർമാരായ ദിൽന കെ., രൂപ എ. എന്നിവരുമായുള്ള കൂടിക്കാഴ്ചയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തെയ്യം, കളരിപ്പയറ്റ്, സംഗീത സന്ധ്യ ഉൾപ്പെടെയുള്ള കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും പുസ്തകോത്സവത്തിന് മിഴിവേകും. ആശയങ്ങളുടെ വിനിമയത്തിനും അറിവിന്റെ ജനാധിപത്യവൽക്കരണത്തിനും വേദിയൊരുക്കുന്ന അക്ഷരോത്സവം ജനുവരി 13 വരെ തുടരും.