കൈ മുറിച്ച് മാറ്റിയ കുട്ടിക്ക് സ്പോൺസർഷിപ്പ് പദ്ധതിയിലൂടെ പരിരക്ഷ ഉറപ്പാക്കാൻ ഉത്തരവ്
പാലക്കാട് ജില്ലയിൽ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന പെൺകുട്ടിക്ക് വനിത ശിശുവികസന വകുപ്പിന്റെ സ്പോൺസർഷിപ്പ് പദ്ധതി പ്രകാരം പരിരക്ഷ ഉറപ്പാക്കാൻ ഉത്തരവിറക്കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടിക്ക് നിലവിൽ കൃത്രിമ കൈ വയ്ക്കേണ്ടതുണ്ടെന്നും അതിന് ഭീമമായ തുക ആവശ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതായും കണ്ടെത്തിയിരുന്നു. കുട്ടിയ്ക്ക് അടിയന്തിരമായി ധനസഹായം നൽകേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് മിഷൻ വാത്സല്യ മാർഗരേഖ പ്രകാരമുള്ള സ്പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി നൽകി ഉത്തരവായത്. കൃത്രിമ കൈ വയ്ക്കാൻ ബാല നിധിയിൽ നിന്നും ഫണ്ട് ലഭ്യമാക്കും.
സംഭവത്തെ തുടർന്ന് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകുകയും കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. കെ. ബാബു എംഎൽഎയും ഇതുസംബന്ധിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.









