വൈദ്യുതാപകടങ്ങൾ; ജനങ്ങൾ ജാഗരൂകരാകണം

post

ജില്ലയിൽ വൈദ്യുതാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരാകണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. വൈദ്യുതി ലൈനുകൾക്ക് സമീപം നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും ഇരുമ്പു തോട്ടി പോലുള്ള സാധന സാമഗ്രികൾ ഉപയോഗിച്ച് കായ്കളും മറ്റും അടർത്താൻ ശ്രമിക്കരുത്. വൈദ്യുതി ലൈനുകൾക്ക് താഴെയും സമീപവും പന്തൽ, കെട്ടിടങ്ങൾ, ഷെഡുകൾ മുതലായവ നിർമിക്കരുത്. വൈദ്യുതി ലൈനുകൾ പൊട്ടി വീണതോ അപകടകരമായ സാഹചര്യത്തിലോ കാണുകയാണെങ്കിൽ അതിനടുത്തു പോകാൻ പാടില്ല. ഉടൻ തന്നെ കെ എസ് ഇ ബി എൽ ഓഫീസിലോ 9496010101 നമ്പറിലോ അറിയിക്കുക. വൈദ്യുതി ഉപയോഗിച്ചുള്ള ഏതൊരു താൽക്കാലിക നിർമാണ പ്രവൃത്തിയും ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നും അനുമതി വാങ്ങണം.

ജോലിക്കാർ മെയിൻ സ്വിച്ചിൽ നിന്നും നേരിട്ട് വൈദ്യുതി എടുക്കാനോ, വീട് /സ്ഥാപന ഉടമ അതിന് അനുവദിക്കാനോ പാടില്ല. പ്രവർത്തനക്ഷമമായ ആർ സി സി ബി വഴിയല്ലാതെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാൻ പാടില്ല. ഇത് തൊഴിലുടമയും സ്ഥാപന ഉടമയും ഉറപ്പുവരുത്തണം. 30 മില്ലി ആമ്പിയർ ലീക്കേജിൽ ട്രിപ്പാകുന്ന ആർ സി സി ബിയാണ് ഉപയോഗിക്കേണ്ടത്. വിവിധ ജോലികൾ നടക്കുന്നുണ്ടെങ്കിൽ ഓരോ വിഭാഗത്തിനും ഓരോ ആർ സി സി ബി നൽകുന്നത് ഉചിതമായിരിക്കും. താൽക്കാലിക ആവശ്യത്തിന് എടുക്കുന്ന കണക്ഷന്റെ തുടക്കത്തിൽ തന്നെ ആർ സി സി ബി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. എല്ലാ ദിവസവും ജോലി ആരംഭിക്കുന്നതിന് മുമ്പ് പുഷ് ബട്ടൺ അമർത്തി ആർ സി സി ബിയുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തണം.

വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ ഗ്ലൗസ്, സേഫ്റ്റി ഷൂസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ഏതെങ്കിലും അവസരത്തിൽ ഫ്യൂസ് പോവുകയോ, ആർ സി സി ബി ട്രിപ്പാവുകയോ ചെയ്താൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചതിന് ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക. ഒരാൾ മാത്രമുള്ളപ്പോൾ വൈദ്യുതി ഉപയോഗിച്ചുള്ള പ്രവൃത്തികൾ ചെയ്യാതിരിക്കണമെന്നും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ നിർദ്ദേശിച്ചു.