നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം; കർമ്മസമിതി അംഗങ്ങളുടെ പരിശീലനത്തിന് തുടക്കമായി

post

സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വാംശീകരിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കർമ്മസമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. കല്യാശ്ശേരി മണ്ഡലത്തിലെ കണ്ണപുരം ഗ്രാമപഞ്ചായത്ത് തല ദ്വിദിന പരിശീലന പരിപാടി സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജില്ലാ കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ് ഉദ്ഘാടനം ചെയ്തു.

നവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ജനങ്ങളിൽ നിന്ന് സമാഹരിക്കുക, ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന-ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങൾ പഠിക്കുക, വികസന ക്ഷേമ പരിപാടികൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുക, പുതിയ തൊഴിലവസരങ്ങൾ/ വികസന പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം -വികസന ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങൾ. വീടുകൾ, തൊഴിൽശാലകൾ, കൃഷിയിടങ്ങൾ, ഫ്‌ളാറ്റുകൾ, ഉന്നതികൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, കുടുംബശ്രീ, ഗ്രാമീണ തൊഴിലുറപ്പ് മേഖലകൾ, പൊതുഇടങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലയിലും കർമ്മസേനാംഗങ്ങൾ സന്ദർശിച്ച് അഭിപ്രായങ്ങൾ ശേഖരിക്കും.


ജനകീയ പങ്കാളിത്തത്തോടെ നവകേരളം പടുത്തുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമത്തിന് കൂടുതൽ ആക്കവും ദിശാബോധവും നൽകാനാണ് ഈ പഠനപരിപാടി. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സർക്കാരിക്കിലേ്ക്ക് എത്തിക്കാനും നവകേരള സൃഷ്ടിയിൽ പങ്കു ചേരാനും നാട്ടിലെ ഓരോ പൗരനും അവസരം നൽകാനും ഇതിലൂടെ കഴിയും.

കണ്ണപുരം ഗ്രാമപഞ്ചായത്ത് ഇ.കെ. നായനാർ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ കല്ല്യാശ്ശേരി മണ്ഡലം ചാർജ് ഓഫീസർ ഡോ. ഷഹിൻ മുഹമ്മദ് അധ്യക്ഷനായി. അസി. ട്രഷറി ഓഫീസർ കെ.പി ലത, ജില്ലാ സമിതി അംഗം കെ.വി ഗോവിന്ദൻ, വാർഡ് അംഗം അഡ്വ. കെ വി രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി പി ബാബുരാജ് എന്നിവർ സംസാരിച്ചു. പരിശീലനത്തിന് റിസോഴ്‌സ് പേഴ്‌സൺമാരായ വി.വി ബാലകൃഷ്ണൻ, കെ.വി ഗോവിന്ദൻ, സി.സത്യനന്ദൻ, സഫ്‌വാൻ ഷാൻ എന്നിവർ നേതൃത്വം നൽകി. പരിശീലനം ബുധനാഴ്ച സമാപിക്കും. ജനുവരി ഒന്ന് മുതൽ കർമ്മസമിതി അംഗങ്ങൾ വീടുകളിലെത്തി വിവര ശേഖരണം നടത്തും.