പകര്‍ച്ചവ്യാധി പ്രതിരോധം: ശുചീകരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി

post

വയനാട് : കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നേരിട്ട ജില്ല മഴക്കാലരോഗങ്ങളെയും പ്രതിരോധിക്കാനുളള ഒരുക്കത്തില്‍. ഇതിന്റെ ഭാഗമായി ജില്ലയിലെങ്ങും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തുടക്കമായി. കോവിഡ്-19 പ്രതിരോധ മാനദണ്ഡങ്ങള്‍ക്കകത്തു നിന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  ആറ് ദിവസങ്ങളായി നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ആദ്യദിനം ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികള്‍ കഴുകി വൃത്തിയാക്കാനാണ് ഉപയോഗിച്ചത്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന ആശുപത്രി കെട്ടിടങ്ങളും പരിസരവും ജനപ്രതിനിധികളുടെയും ഹരിതകര്‍മ്മ സേനകളുടെയും നേതൃത്വത്തിലാണ് ശുചീകരിച്ചത്.

     കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ തുടക്കം കുറിച്ചു. നഗരസഭാ അധ്യക്ഷ സനിത ജഗദീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.രാധാകൃഷ്ണന്‍, ബിന്ദു ജോസ്, അഡ്വ.ടി.ജെ ഐസക്ക്, അജിത, കണ്‍സിലര്‍മാരായ വി.ഹാരിസ്,ടി.മണി, പി.പി ആലി, സെക്രട്ടറി പി.ടി ദേവദാസ് തുടങ്ങിയവരും പങ്കെടുത്തു. നാല്‍പതോളം നഗരസഭ ഹരിതകര്‍മ്മ സേനാംഗങ്ങളും ആശുപത്രി ജീവനക്കാരും ശുചീകരണത്തില്‍ പങ്കാളികളായി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ശുചീകരണം ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തില്‍ നടന്നു. 

ശുചീകരണ യജ്ഞം 24 വരെ

     പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ടുളള മഴക്കാല പൂര്‍വ്വ ശുചീകരണം  ഏപ്രില്‍ 24 വരെയാണ് ജില്ലയില്‍ നടക്കുക. ഇന്ന് (20 ന്) ജില്ലയിലെ തുണികടകള്‍ വൃത്തിയാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടും പരിസരവും എന്നിവ 21 ന് വൃത്തിയാക്കും. 22ന് പൊതു സ്ഥലങ്ങള്‍, 23ന് വാഹന ഷോറൂമുകള്‍, 24ന് മറ്റ് കടകള്‍ എന്നിങ്ങനെയാണ് വൃത്തിയാക്കേണ്ടത്. വീടുകള്‍ അതാത് വീടുകളിലുള്ളവര്‍ തന്നെ ശുചീകരിക്കണം. പൊതു ഇടങ്ങളില്‍ രണ്ടോ മൂന്നോ പേര്‍ക്ക് പങ്കെടുക്കാം. തുണിക്കടകള്‍ വൃത്തിയാക്കാന്‍ ഒരു നിലയില്‍ പരമാവധി മൂന്ന് പേര്‍ക്കും വാഹന ഷോപ്പുകളില്‍ മൂന്ന് പേര്‍ക്കും ശുചീകരണത്തില്‍ പങ്കാളിയാകാം. മറ്റു കടകളില്‍ ഒരു നിലയില്‍ രണ്ട് പേര്‍ മതിയാകും. സര്‍ക്കാര്‍, സ്വകാര്യ ഹോസ്റ്റലുകള്‍ ശുചീകരിക്കാന്‍ മൂന്ന് പേരില്‍ കൂടാന്‍ പാടില്ല.

      പൊതു സ്ഥലങ്ങള്‍ ഹരിതകര്‍മ്മസേനയും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് വൃത്തിയാക്കുക.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സാമൂഹിക അകലവും, ആരോഗ്യ സുരക്ഷാ ജാഗ്രതയും പാലിക്കണം. വാര്‍ഡ്തല ആരോഗ്യ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ കിണറുകള്‍ അതാത് ദിവസങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണം. കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഉറവിട നശീകരണം നടത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു.