തിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. നിയമന ഉത്തരവുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇ-ഡ്രോപ്പ് (e-drop) സൈറ്റ് വഴി ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്യാം ജില്ലയിൽ ആകെ 1192 പോളിംഗ് സ്റ്റേഷനുകളുണ്ട്. ഇതിൽ 1119 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും 73 എണ്ണം മുനിസിപ്പാലിറ്റികളിലുമാണ്. തദ്ദേശ സ്ഥാപന മേധാവികൾ ഉദ്യോഗസ്ഥർ യഥാസമയം ഉത്തരവ് കൈപ്പറ്റുന്നുണ്ടെന്ന് ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നവംബർ 25 ന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ട്രെയിനിംഗ് കേന്ദ്രങ്ങളിൽ ആരംഭിക്കും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, എ.ഡി.എം ഷൈജു.പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ)
സുജ വർഗീസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു റാൻഡമൈസേഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ സുഗമമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിച്ചതാണ് ഇ-ഡ്രോപ്പ് ( e-drop) സോഫ്റ്റ് വെയർ. വെബ് അധിഷ്ഠിത സോഫ്റ്റവെയറായ ഇ-ഡ്രോപ്പ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് വികസിപ്പിച്ചത്.










