ഗ്രീന്‍ ഇലക്ഷന്‍ ക്യാമ്പയിനുമായി ജില്ലാ ശുചിത്വ മിഷന്‍
ജില്ലയില്‍ തദേശ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത ചട്ടം പാലിച്ച് നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിതചട്ട പാലനത്തിന്റെ പ്രചരണാര്‍ഥം പത്തനംതിട്ട ജില്ലയില്‍ ഗ്രീന്‍ ഇലക്ഷന്‍ 2025 ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷന്‍ നേതൃത്വം നല്‍കും. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതല്‍ വോട്ടെണ്ണുന്നത് വരെയുള്ള സമയത്ത് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണ പരിപാടിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിനായി തദ്ദേശ സ്വയംഭരണാടിസ്ഥാനത്തില്‍ പ്രത്യേക നോഡല്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
ഗ്രീന്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടവ
ബോര്‍ഡുകള്‍ തയ്യാറാക്കാന്‍ 100 ശതമാനം കോട്ടണ്‍ തുണി, റീസൈക്കിളിങ് സാധിക്കുന്ന പോളി എത്തിലിന്‍, പേപ്പര്‍ എന്നിവ മാത്രമേ ഉപയോഗിക്കുക, പോളിസ്റ്റര്‍ കൊടി, പ്ലാസ്റ്റിക് പോളിസ്റ്റര്‍ തോരണം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്. പേപ്പര്‍ -കോട്ടണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടി, തോരണം ഉപയോഗിക്കണം. രാഷ്ട്രീയ പാര്‍ട്ടിയുടെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് അലങ്കരിക്കുന്നത് പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കള്‍, പുന:ചംക്രമണം ചെയ്യാന്‍ കഴിയുന്ന വസ്തു എന്നിവ ഉപയോഗിച്ചാകണം. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍, യോഗം, റാലി തുടങ്ങിയവയില്‍ നിരോധിത പ്ലാസ്റ്റിക്, പേപ്പര്‍ കപ്പ്, പ്ലേറ്റ് തുടങ്ങിയവ ഉപയോഗിക്കരുത്.
വോട്ടെടുപ്പിന് ശേഷം സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മാലിന്യം ഹരിത കര്‍മ്മസേന അംഗങ്ങള്‍ വഴി ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് കൈമാറണം. മാലിന്യം തരം തിരിക്കുന്നതിനു മതിയായ ബിന്നുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് 9446700800 എന്ന വാട്‌സാപ്പ് നമ്പറില്‍ പരാതി അറിയിക്കാം.










