സപ്ലൈകോയുടെ അൻപതാം വാർഷികം: പുതിയ പദ്ധതികൾ ആരംഭിച്ചു
സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. സഞ്ചരിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നവംബർ 1 ന് തിരുവനന്തപുരത്ത് നടന്നു. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും. കാർഡൊന്നിന് നിലവിൽ 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ ലഭ്യമാകുന്നത് പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണയാണ്. ഇത് 2 ലിറ്ററായി വർദ്ധിപ്പിക്കും. സബ്ലിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും.
ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരി/ പുഴുക്കലരി നൽകി വന്നിരുന്നത് തുടർന്നും സ്ഥിരമായി നൽകാൻ തീരുമാനിച്ചു. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേയാണിത്.
ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. 500 രൂപയ്ക്ക് മുകളിൽ സസ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില നിലവിലെ വിലയിൽ നിന്ന് 25 ശതമാനം വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക.
500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും നൽകും. സപ്ലൈകോ വില്പന ശാലകളിൽ ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്.
ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50 ശതമാനം വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉൽപ്പന്നങ്ങൾ നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും.
വില്പനശാലകളിലെ തിരക്ക് ക്രമീകരിക്കുന്നതിനായി പുതിയ ഒരു പദ്ധതിയുമുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് 5 ശതമാനം അധിക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സംഘടിപ്പിച്ചപോലെ 6 ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുക. താലൂക്ക് തലത്തിൽ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. ഡിസംബർ 21 മുതൽ ജനുവരി 1 വരെ ആയിരിക്കും ക്രിസ്മസ് ഫെയറുകൾ. 250 കോടി രൂപയുടെ വിൽപ്പനയാണ് ഈ ക്രിസ്മസ് കാലത്ത് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 250-ലധികം ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും ക്രിസ്മസിനോട് അനുബന്ധിച്ച് കേക്ക് മുതലായ ഉത്പന്നങ്ങൾ വിൽപനശാലകളിൽ ഉറപ്പാക്കും.










