ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു, ലക്ഷ്യം കൈവരിച്ച് ജനകീയ ക്യാമ്പയിൻ; പൂർത്തീകരണ പ്രഖ്യാപനം വ്യാഴാഴ്ച
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടാരംഭിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ പരിപാടി ലക്ഷ്യം കൈവരിച്ചു. ക്യാമ്പയിന്റെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനം നവംബർ 6 ന് തൃശൂർ ടൗൺ ഹാളിൽ ലാൻഡ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ ക്യാമ്പയിൻ റിപ്പോർട്ടവതരിപ്പിക്കും. ബൃഹത്തായ ഈ ക്യാമ്പയിനിൽ സംസ്ഥാനമൊട്ടാകെ പ്രാദേശികമായും ജനകീയമായും 1,05,52,511 തൈകളാണ് ശേഖരിച്ചത്.
ക്ലിഫ് ഹൗസ് അങ്കണത്തിൽ കുളമാവ് തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ക്യാമ്പയിൻ വിജയത്തിന് പ്രധാന ഘടകമായി. വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, ജീവനക്കാർ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൽ, വായനശാലകൾ, സാമൂഹിക രാഷ്ട്രീയ സംഘടനകൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ തൈകൾ നട്ടുപിടിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ വച്ചു.
ക്യാമ്പയിന്റെ ഭാഗമായി ലോക സൗഹൃദ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലുമായി സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുന്ന ചങ്ങാതിക്കൊരു തൈ പരിപാടി സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾ ആവേശത്തോടെയാണ് വരവേറ്റത്. ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും ചങ്ങാതിക്കൊരു തൈ പരിപാടി നടന്നു. വൃക്ഷത്തൈകൾ നട്ട സ്ഥലവും തൈകളുടെ വളർച്ച നിരീക്ഷിക്കുന്നതിന് കേരള സാങ്കേതിക സർവകലാശാലയുടെ പിന്തുണയോടെ ജിയോ ടാഗിംഗ് സംവിധാനവും ഏർപ്പെടുത്തി വരികയാണെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ അറിയിച്ചു. ഹരിതകേരളം മിഷൻ നടപ്പാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ വ്യാപനവും ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിരുന്നു. ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയവർക്കുള്ള പുരസ്‌കാര വിതരണവും നവംബർ 6 ന് നടക്കും. ചടങ്ങിൽ തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും. സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജിജു പി. അലക്‌സ് ക്യാമ്പയിൻ വീഡിയോ പ്രകാശനം ചെയ്യും. കേരള മുനിസിപ്പൽ ചെയർമാൻസ് ചേംബർ ചെയർമാൻ എം. കൃഷണദാസ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.വി. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ആർ. രവി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ രഞ്ജിത് ഡി., കെ.എഫ്.ആർ.ഐ. ഡയറക്ടർ കണ്ണൻ സി.എസ്. വാര്യർ, ഔഷധി മാനേജിംഗ് ഡയറക്ടർ ഹൃദിക് ടി.കെ., മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ എൻ.എസ്. പ്രദീപ്, തൃശൂർ ഫോറസ്ട്രി ഡിവിഷൻ അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ടി.കെ. മനോജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ, തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, നവകേരളം കർമപദ്ധതി തൃശൂർ ജില്ലാ കോർഡിനേറ്റർ ദിദിക സി. എന്നിവർ ചടങ്ങിൽ പങ്കെടുക്കും.










