സപ്ലൈകോ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്: തിരൂര്‍ ഡിപ്പോയില്‍ ഫ്ലാഗ് ഓഫ് ചെയ്തു
സപ്ലൈകോയുടെ ഔട്ട്ലെറ്റുകള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അവശ്യസാധനങ്ങളുമായി നേരിട്ടെത്തുന്ന 'സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്' വാഹനത്തിന്റെ മലപ്പുറം ജില്ലയിലെ ഫ്ലാഗ് ഓഫ് കര്‍മ്മം സപ്ലൈകോ തിരൂര്‍ ഡിപ്പോ പരിസരത്ത് നടന്നു. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ടി. അനിത ചടങ്ങില്‍ സന്നിഹിതയായി.
സപ്ലൈകോ സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ ജില്ലയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.സപ്ലൈകോയുടെ സബ്‌സിഡി നിരക്കിലുള്ളതും അല്ലാത്തതുമായ അവശ്യവസ്തുക്കള്‍ ഈ മൊബൈല്‍ സൂപ്പര്‍മാര്‍ക്കറ്റ് വഴി ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകും.
തിരൂര്‍ ഡിപ്പോയില്‍ വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത വാഹനം അടുത്ത ദിവസങ്ങളില്‍ വിവിധ നിയോജക മണ്ഡലങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ എത്തും. നവംബര്‍ ഒന്നു മുതല്‍ നാല് വരെ തിരൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിലും ആറ് മുതല്‍ എട്ട് വരെ പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിലും 10 മുതല്‍ 11 വരെ വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളിലെ വിവിധ ഇടങ്ങളിലും വാഹനം എത്തും.










