പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന് പുതിയ കെട്ടിടം

post

മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ എം.കെ. റഫീഖ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എല്‍. ഷീനാ ലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാതൃ ശിശു ബ്ലോക്കിന്റെ മൂന്നാം നിലയില്‍ ബ്ലഡ് ബാങ്കിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

1994 ആഗസ്റ്റ് 15 ന് പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എച്ച്.എം.സി, ഐ.എം.എ പെരിന്തല്‍മണ്ണ ബ്രാഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളാ എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ജില്ലയിലെ ആദ്യത്തെ ഈ രക്ത ബാങ്ക് കാലാനുസൃതമായ പരിഷ്‌കരണത്തിലൂടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ബ്ലഡ് ബാങ്കുകളില്‍ മുന്‍പന്തിയിലെത്തി. പ്രതിവര്‍ഷം 18000 ത്തോളം യൂണിറ്റ് രക്തം സ്വീകരിക്കുകയും രക്ത ഘടകങ്ങള്‍ വേര്‍തിരിച്ച് കാല്‍ ലക്ഷത്തോളം പേരുടെ ജീവന്‍ നില നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. രക്ത ബാങ്കിന്റെ ഭാവിയിലെ വളര്‍ച്ച കൂടി പരിഗണിച്ചാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നത്.

ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഒഫീസര്‍ ഡോ. കെ സാലിം സ്വാഗതം പറഞ്ഞു. യോഗത്തില്‍ നസീബ അസീസ്, അഡ്വ. എ.കെ. മുസ്തഫ, ഡോ. ദീപക് കെ വ്യാസ്, ബ്ലഡ് ബാങ്ക് മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍മാരായ ഡോ. കെ.പി. ഷറഫുദ്ധീന്‍, ഡോ. വി.യു സീതി, ഡോ. കെ.എ. സീതി, എ.കെ നാസര്‍, കുറ്റീരി മാനുപ്പ, ഡോ. സയ്യിദ് ഫൈസല്‍ , ഷീബ, ഇ. രാമചന്ദ്രന്‍, കെ. അബ്ദുല്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു.